ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം. യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തുവരുമെന്ന വിചിത്രവാദമാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. അതേസമയം, പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന് ഭയന്നാണ് പുനരന്വേഷണം വേണ്ടെന്ന് സിപിഎം പറയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

കേസില്‍ വെറുതെവിട്ടവര്‍ ഉള്‍പ്പെടെ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. കൃഷ്ണപിള്ള കേസില്‍ വിധി വന്ന ശേഷവും യുഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുടുക്കിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറയുന്നത്. 

കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കാന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു. 
സിപിഎം ശക്തികേന്ദ്രമായ കണ്ണര്‍കാട് പുറത്തുനിന്ന് ഒരാള്‍ക്ക് സ്മാരകം കത്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കേസില്‍ കുറ്റവിമുക്തരായ അഞ്ച് പ്രവര്‍ത്തകരെയും വീണ്ടും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, കടുത്ത വി എസ് പക്ഷക്കാരായ ഇവരുടെ മടങ്ങിവരവ് എളുപ്പമാകില്ല.