12 ലക്ഷം കുടിശ്ശിക ഉടൻ നൽകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അടുത്ത മാസം പത്തിന് പണം നൽകും. കൃഷി ഉപേക്ഷിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പിൽ നിന്ന് കുടിശ്ശിക തീര്‍ത്ത് കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്ന വെങ്ങാനൂർ സ്വദേശി ജോർജിന് ഉറപ്പുമായി കൃഷിമന്ത്രി പി പ്രസാദ്.12 ലക്ഷം കുടിശ്ശിക ഉടൻ നൽകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അടുത്ത മാസം പത്തിന് പണം നൽകും. കൃഷി ഉപേക്ഷിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉറപ്പിന് പിന്നാലെ കൃഷി ഉപേക്ഷിക്കില്ലെന്ന് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർഷകരുടെ യോഗം വിളിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

12 ലക്ഷം കിട്ടാനുള്ളതിനാൽ ജോർജ് കൃഷി ഉപേക്ഷിക്കുന്നുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കൃഷിവകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാര ജേതാവാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ്. ഒന്‍പത് മാസമായി ആനയറയിലെ കാര്‍ഷിക ചന്തയിൽ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുൾപ്പെടെ 80 ലക്ഷം രൂപയാണ് ആനയറയിൽ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക.