Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് പറയുന്നവര്‍ കണ്ടോ! ചരിത്ര സന്ദർഭമെന്ന് പറഞ്ഞത് മോദി;അഭിമാനിക്കാമെന്ന് രാജീവ്

കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമ്മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. അതിൽ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളുമുണ്ട്

p rajeev about ins vikrant by kerala
Author
First Published Sep 3, 2022, 4:57 PM IST

കൊച്ചി: കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്‍റെ അഭിമാനമായ വിക്രാന്ത് കാണണമെന്ന് മന്ത്രി പി രാജീവ്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത് കേരളത്തിലാണെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമ്മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. അതിൽ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളുമുണ്ട്. സ്ഥിരം തൊഴിലാളികൾക്ക് സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസ്സും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്. കോൺട്രാക്ട് തൊഴിലാളികൾ സിഐടിയു യൂണിയനിലാണ്.

എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്‍റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. മാനേജ്മെൻറും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു. ഇതു കൂടാതെ നൂറോളം എംഎസ്എംഇ യുണിറ്റുകൾ നിർമ്മാണത്തിൽ കൈകോർത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികൾ പണിയെടുത്തു. നമ്മുടെ സമ്പദ്ഘടനയെ ഇത് ചലിപ്പിച്ചു. ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ തൊഴിൽ അന്തരീക്ഷത്തിൽ കേരളത്തിൽ കണ്ടെന്നു വരാം.

അവയെ ശക്തമായി വിമർശിക്കാം. നാടിന്‍റെ പൊതുതാൽപര്യം മുൻനിർത്തി അവ തിരുത്താൻ ശക്തമായി ഇടപ്പെടണം. എന്നാൽ, അതോടൊപ്പം ഇതു കൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിന്‍റെ നിർമ്മാണം വ്യക്തമാക്കുന്നുവെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിനും നാവികസേനക്കും ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് സേനക്ക് സമര്‍പ്പിച്ചത്. സ്വയം പ്രാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകും. പ്രതിരോധ ഉത്പാദന മേഖലയിൽ വലിയ വളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പ്രധാനമന്ത്രി, സ്റ്റാലിന്‍, ശേഷം അമിത്ഷാ; എല്ലാവരെയും സ്വീകരിച്ച് മുഖ്യമന്ത്രി, ഒരു അപൂർവ്വ ദിനം!

Follow Us:
Download App:
  • android
  • ios