Asianet News MalayalamAsianet News Malayalam

ഗവർണർക്ക് ഒപ്പിടാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി; നാളെ കാലാവധി തീരുന്ന ഓർഡിനൻസുകളിൽ അനിശ്ചിതത്വം

​ഗവർണ‍ർ ഒപ്പിട്ടതിനെ തുടർന്ന് ഫെബ്രുവരി 7നാണ് ലോകായുക്ത ഭേ​ദ​ഗതി വിജ്ഞാപനം പുറത്തിറങ്ങിയത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാമെന്നതായിരുന്നു ഭേദ​ഗതി.

P Rajeev about Ordinance
Author
Kochi, First Published Aug 7, 2022, 1:12 PM IST

കൊച്ചി: ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ ഇനിയും സമയമുണ്ടല്ലോയെന്ന് നിയമമന്ത്രി പി.രാജീവ് (Minister P Rajeev). സർക്കാർ കൊണ്ടു വന്ന 11 ഓർഡിനൻസുകളിൽ നാളെ കാലാവധി തീരാനിക്കേ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയിരുന്ന് കാണാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ കൊണ്ടു വരുന്ന ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യമാണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി. 

ഓർഡിനൻസുകളിൽ (ordinance) ഒപ്പിടാതെ സർക്കാരിനെ സമ്മർദത്തിലാക്കി ഗവർണർ നീങ്ങുന്ന സാഹചര്യത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. ലോകയുക്ത ഓർഡിനൻസ് (Lokayukta ordinance) അടക്കം 11 ഓർഡിനൻസുകളിൽ ആണ് ഗവർണർ തീരുമാനം എടുക്കാത്തത്. ഈ ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ സർക്കാർ നിലവിൽ പ്രതിസന്ധിയിലാണ്. 

ലോകയുക്ത ഓർഡിനൻസിൽ ഒരിക്കൽ ഗവർണർ ഒപ്പിട്ടിരുന്നതാണ്.എന്നാൽ നിയമസഭയിൽ ബിൽ കൊണ്ട് വരാത്തതിനാൽ ഇത് അടക്കം ഉള്ള ഓർഡിനൻസുകൾ പുതുക്കി ഇറക്കാൻ ജൂലൈ 27-ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ സഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതൽ 42 ദിവസമാണ് ഓർഡിനൻസിന്റെ കാലാവധി. ഇപ്പോൾ ദില്ലിയിലുള്ള ഗവർണ്ണർ 12-ന് മാത്രമാണ് മടങ്ങി എത്തുക.

​ഗവർണ‍ർ ഒപ്പിട്ടതിനെ തുടർന്ന് ഫെബ്രുവരി 7നാണ് ലോകായുക്ത ഭേ​ദ​ഗതി വിജ്ഞാപനം പുറത്തിറങ്ങിയത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാമെന്നതായിരുന്നു ഭേദ​ഗതി.

അന്ന് രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടത്. സർക്കാറിനോട് വിശദീകരണം തേടിയ ഗവർണ്ണർ ഉടക്കിടുമോ എന്ന ആകാംക്ഷകൾക്കിടെ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയാണ് നിർണ്ണായകമായത്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവർണ്ണർ അന്ന് ഒപ്പിട്ടത്.

22 വർഷമായി അഴിമതി തടയാൻ ലോകായുക്ത നിയമത്തിലുള്ള ഏറ്റവും ശക്തമായ വകുപ്പാണ് പുതിയ ഭേദ​ഗതിയോടെ ഇല്ലാതായാത്. അഴിമതിക്കേസിൽ മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ട. കെ ടി ജലീലിൻ്റെ വഴിയേ ഒരുമന്ത്രിക്കും ഇനി രാജിവക്കേണ്ടി വരില്ല. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തള്ളിക്കളയാം. വിധി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഗവർണ്ണർക്കും തള്ളാം. ഇതായിരുന്നു ഭേദ​ഗതി.

Follow Us:
Download App:
  • android
  • ios