Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ ഇടത് സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവരെവിടെ ? കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പി രാജീവ്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്ന് രാജീവ് ചോദിച്ചു. 

p rajeev against congress and bjp in sabarimala issue
Author
Kochi, First Published Jul 4, 2019, 5:54 PM IST

കൊച്ചി: റിവ്യു ഹര്‍ജിയിൽ തീരുമാനം വരുന്നതുവരെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനൻസിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാറിനെയും ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ച കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സിപിഎം നേതാവ് പി രാജീവ്. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്ന് രാജീവ് ചോദിച്ചു. 

 ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി മറികടക്കാൻ ഓർഡിൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് പ്രശ്നം സുപ്രീം കോടതിയിലാണെന്ന ഒറ്റവരി മറുപടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയത്. 

എംപിമാരായ ശശി തരൂർ, ആന്‍റോ ആന്‍റണി എന്നിവരാണ് ഓര്‍ഡിനൻസ് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ലോക്സഭയിൽ തയ്യാറായില്ല. നിയമം കൊണ്ടുവരുമോ, ഓർഡിനൻസ് കൊണ്ടുവരുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ എന്ന മറുപടിയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്ക് നിയമമന്ത്രി രവി ശങ്കർ പ്രസാദ് രേഖാമൂലം നൽകിയത്.

പി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എം.പിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ?

Follow Us:
Download App:
  • android
  • ios