മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് പി രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. അത് അന്വേഷണ ഉദ്യോഗസ്ഥൻ്റെ സ്വാതന്ത്ര്യം ആണെന്നും അതിലാണ് കോടതി കൈകടത്തിയതെന്നും പി രാജീവ് പറഞ്ഞു.
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് മുൻ മന്ത്രി പി രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. അത് അന്വേഷണ ഉദ്യോഗസ്ഥൻ്റെ സ്വാതന്ത്ര്യം ആണെന്നും അതിലാണ് കോടതി കൈകടത്തിയതെന്നും പി രാജീവ് പറഞ്ഞു. കേസിൽ ഉൾപ്പെടുന്ന കക്ഷികൾക്ക് ഒരു നോട്ടിസ് പോലും നൽകിയില്ല. ഇതിലെ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യമാകെ എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഇവിടെ എഫ്ഐആറിലാണ് ശ്രദ്ധയെന്നും ഇതിന് പിന്നിൽ ബിജെപി ഡീൽ ആണെന്നും രാജീവ് ആരോപിച്ചു. ദില്ലി സമരത്തിൽ മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർ സജീവമായി പങ്കെടുക്കുമ്പോൾ കേരള മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ സ്റ്റേഷനിൽ സന്ദർശിച്ച് മടങ്ങുകയായിരുന്നു. കേസിന് പിന്നിൽ ബിജെപി ഡീൽ അല്ലാതെ എന്താണ് എന്ന് ചോദിച്ച പി രാജീവ് നാളെ രാഹുൽ ഗാന്ധിക്ക് എതിരെ ഇഡി ഒരു റിപ്പോർട്ട് എവിടെയെങ്കിലും കൊടുത്താൽ എഫ്ഐആർ ഇടുമോ എന്നും പ്രാഥമിക പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ ആണെന്നും പറഞ്ഞു.
സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളാണ് നടന്നതെന്നാണ് എഫ്‌ഐആറിലെ വിവരങ്ങൾ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്‌ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


