ചീഫ് ജസ്റ്റിസിന് വിരുന്ന് പല സംസ്ഥാനങ്ങളിലും നടക്കുന്നതല്ലേ, അതിന് എന്താ കുഴപ്പം എന്നാണ് പി രാജീവിന്‍റെ ചോദ്യം.

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ പ്രതികരിച്ച് വ്യവസായമന്ത്രി പി രാജീവ്. ചീഫ് ജസ്റ്റിസിന് വിരുന്ന് പല സംസ്ഥാനങ്ങളിലും നടക്കുന്നതല്ലേ, അതിന് എന്താ കുഴപ്പം എന്നാണ് പി രാജീവിന്‍റെ ചോദ്യം. പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് സുപ്രീം കോടതിയിലെ പരാതിയെന്നും മന്ത്രി പ്രതികരിച്ചു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയും സാമൂഹികപ്രവർത്തകനുമായ സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. നടപടി ജൂഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീംകോടതി ഉത്തരവുകളുടെയും ലംഘനമാണെന്നാണ് പരാതി. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. 

കൂടാതെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത ചീഫ് ജസ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്യകമ്മീഷനെ നിയമിക്കണമെന്നും പരാതിയിൽ പറയുന്നു.