കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്‍റെ വിദേശയാത്രയ്ക്കുള്ള വിലക്ക് നീങ്ങി. തൽകാൽ പാസ്പോർട്ടിൽ ക്ലിയറന്‍സ് നിഷേധിച്ച പൊലീസ് നടപടി യാത്രയ്ക്ക് തടസ്സമാകില്ലെന്ന് എറണാകുളം റീജിയണല്‍ പാസ്പോർട്ട് ഓഫീസർ പി രാജുവിനെ രേഖാമൂലം അറിയിച്ചു. 

കൊച്ചി ഐജി ഓഫീസ് മാർച്ചിനെ തുടർന്നുണ്ടായ അക്രമ സംഭവത്തിന്‍റെ പേരിൽ പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഈ കേസിന്‍റെ പേരിലാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത്. തുടർന്ന്  പി രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി 26നകം ഉചിതമായ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പാസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു.