Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്'; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും കൊടുത്ത നൂറുകണക്കിന് ലൈംഗിക അധിക്ഷേപ പരാതികള്‍ പൊലീസിന്റെ കെെയിലുണ്ടെന്ന് സരിൻ.

p sarin reaction on cyber attack against women leaders joy
Author
First Published Sep 22, 2023, 10:21 PM IST

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലും പുറത്തും സ്ത്രീകളെ ലൈംഗിക അധിക്ഷേപം നടത്തുന്നത് അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണെന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്‍. ഒരു വ്യക്തിയും അത് ചെയ്യാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പിണറായി വിജയന്റെ ഭരണത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അകത്തിടാമെന്ന് കരുതേണ്ടെന്നും സരിന്‍ പറഞ്ഞു. 

'ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം ലഭിച്ചു. പൊലീസ് കെട്ടിച്ചമച്ച വ്യാജ കഥകള്‍ കോടതി പ്രഥമ ദൃഷ്ട്യാ തന്നെ തള്ളിക്കളഞ്ഞു എന്നാണ് വ്യക്തമാകുന്നതെന്നും സരിന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറാന്‍ ഇങ്ങോട്ട് വന്നാല്‍, ശക്തമായി ചെറുക്കുമെന്നും സരിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പി സരിന്റെ കുറിപ്പ്: സോഷ്യല്‍ മീഡിയയിലും പുറത്തും സ്ത്രീകളെ ലൈംഗിക അധിക്ഷേപം നടത്തുന്നത് അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണ്. ഒരു വ്യക്തിയും അത് ചെയ്യാന്‍ പാടില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ എക്കാലത്തെയും നിലപാട്. പിണറായി വിജയന്റെ ദുര്‍ഭരണത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍, കോണ്‍ഗ്രസിന്റെ നിലപാടുകള്‍ നവമാധ്യമങ്ങളില്‍ ഉറച്ചു പറയുന്നതിന്റെ പേരില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അകത്തിടാം എന്ന് കേരള പോലീസ് കരുതേണ്ട.

ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ അപമാനിച്ചെന്ന പരാതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ആ യുവാവിന് കോടതിയില്‍ നിന്ന് നിരുപാധികം ജാമ്യം ലഭിച്ചിരിക്കുന്നു. പോലീസ് കെട്ടിച്ചമച്ച വ്യാജ കഥകള്‍ കോടതി പ്രഥമ ദൃഷ്ട്യാ തന്നെ തള്ളിക്കളഞ്ഞു എന്നാണ് വ്യക്തമാകുന്നത്. കേസില്‍ നമുക്ക് വേണ്ടി ഹാജരായ Adv.Rahmathullah, Adv.Keerthana S Joseph, Adv.Surya രഘുനാഥ് എന്നിവരോടുള്ള നന്ദി പാര്‍ട്ടി അറിയിക്കുന്നു.

കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും കൊടുത്ത നൂറുകണക്കിന് ലൈംഗിക അധിക്ഷേപ പരാതികള്‍ കേരള പോലീസിന്റെ കയ്യില്‍ കാണും. കാസര്‍ഗോഡുള്ള തസ്‌റീന, കോഴിക്കോടുള്ള തുളസി, തൃശ്ശൂര്‍ നിന്ന് രമ്യ, പത്തനംതിട്ടയില്‍ നിന്ന് ലക്ഷമി ... ഇത്തരത്തില്‍ നൂറിലേറെ സ്ത്രീകളുടെ പരാതികള്‍ ... പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന്റെ മക്കള്‍ അച്ചു ഉമ്മനും മറിയ ഉമ്മനും കൊടുത്ത പരാതികളും സമീപകാലത്ത് വാര്‍ത്തകളില്‍ വന്നിരുന്നു. ഇത്രയും കേസുകളില്‍ യാതൊരു നടപടിയും എടുക്കാത്ത കേരള പോലീസ്, ഒരു വ്യാജ കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയെ വെല്ലുവിളിക്കാന്‍ കാണിച്ച ശുഷ്‌കാന്തി സ്തുത്യര്‍ഹമാണ്.

പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ക്കേ, വലിയൊരു സംഘം അടിമകളെ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍. ഇനി കേരളാ പോലീസും അദ്ദേഹത്തിന്റെ അടിമപ്പണിക്കിറങ്ങിയാല്‍ പൊതുജനം കഷ്ട്ടപ്പെട്ട് പോകും.. നീതിയും ന്യായവും ഞങ്ങളുടെ ഭാഗത്താണ്. അതുകൊണ്ട് തന്നെ അന്തിമ വിജയവും ഞങ്ങളുടേത് തന്നെയായിരിക്കും. ഞങ്ങളുടെ പെണ്‍കുട്ടികളെ ഇത്രയേറെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറാന്‍ ഇങ്ങോട്ട് വന്നാല്‍, ശക്തമായി ചെറുക്കുമെന്ന് 'വെറുപ്പിന്റെ രാഷ്ട്രീയക്കാരെ' ഓര്‍മിപ്പിക്കുന്നു. DYFI സംവിധാനം ചെയ്യുന്ന നാടകങ്ങളില്‍ അഭിനയിക്കാന്‍ വാടകയ്ക്കെടുത്ത കാക്കി ഉടുപ്പല്ല തങ്ങളുടെ ദേഹത്ത് ഉള്ളതെന്ന് കേരളാ പോലീസും ഓര്‍ത്താല്‍ നന്ന്... കാലം സാക്ഷി!.

 ഓരോ ദിവസവും വഷളായി വരുന്ന ഇന്ത്യ - കാന‍ഡ ബന്ധം; കാരണമെന്ത്? അനന്തരഫലങ്ങൾ എന്താകും 
 

Follow Us:
Download App:
  • android
  • ios