ശ്രീനിജന്റെ പരിഹാസത്തിന് സാബുവിന്റെ മറുപടി; 'കുന്നംകുളം മാപ്പില്ല, തൃക്കാക്കര മാപ്പുണ്ട്', മെയ് 31ന് ശേഷം തരാം

കൊച്ചി: ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാനാണെന്നും പറഞ്ഞിട്ട പോസ്റ്റാണ് പിൻവലിച്ചത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശ്രീനിജൻ എഫ്ബി പോസ്റ്റ് പിൻവലിച്ചത്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി.വി.ശ്രീനിജൻ ഉൾപ്പെടെയുള്ളവർ മാപ്പു പറയണമെന്ന് സാബു എം.ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജൻ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്.

ഇതാദ്യമായല്ല സാബു എം.ജേക്കബും പി.വി.ശ്രീനിജനും നേർക്കുനേർ വരുന്നത്. കിറ്റെക്സിലെ പരിശോധനകളെ ചൊല്ലി ഇരുവരും പലവട്ടം വാക്പോര് നടത്തിയിരുന്നു. പരിശോധനകൾക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ ആണെന്നും ശ്രീനിജൻ ട്വന്റി20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവർത്തിച്ചു. ഈ ആരോപണങ്ങൾക്കെല്ലാം പി.വി.ശ്രീനിജൻ കുറിക്കുകൊള്ളുന്ന മറുപടിയും നൽകി. പലപ്പോഴും സിപിഎം പിന്തുണയും ശ്രീനിജന് ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി തൃക്കാക്കര പിടിക്കാൻ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം, ട്വന്റി20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

കുന്നംകുളം മാപ്പില്ല, തൃക്കാക്കര മാപ്പ് തരാമെന്ന് സാബു

അതേസമയം പി.വി.ശ്രീനിജന്റെ 'കുന്നംകുളം മാപ്പിന്' മറുപടിയുമായി സാബു എം.ജേക്കബ് രംഗത്തെത്തി. കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. മെയ് 31 ന് ശേഷം ഇതുവേണമെങ്കിൽ തരാമെന്നും സാബു വ്യക്തമാക്കി. തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുള്ള സാബുവിന്റെ മറുപടിക്ക് പിന്നാലെയാണ് സിപിഎം നേതൃത്വം ഇടപെട്ട് ശ്രീനിജന്റെ എഫ്ബി പോസ്റ്റ് പിൻവലിപ്പിച്ചത്. കോൺഗ്രസിലുള്ളപ്പോൾ ചെയ്ത അതേ കാര്യങ്ങളാണ് പി.വി.ശ്രീനിജൻ സിപിഎമ്മിൽ എത്തിയ ശേഷവും ആവർത്തിക്കുന്നതെന്നും അദ്ദേഹത്തെ നിയന്ത്രിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ട്വന്റി20 ചീഫ് കോർഡിനേറ്റർ കൂടിയായ സാബു എം.ജേക്കബ് ആവശ്യപ്പെട്ടു.

പി.വി.ശ്രീനിജൻ മാപ്പുപറയണമെന്ന് സാബു എം.ജേക്കബ്, കുന്നംകുളം മാപ്പ് കയ്യിലുണ്ടോ എന്ന് എംഎൽഎ

നിലപാട് ഉടനെന്ന് സാബു

ആം ആദ്മിയും ട്വന്‍റി20യും പ്രഖ്യാപിച്ച ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് (Sabu M Jacob). സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

'തൃക്കാക്കരയില്‍ നിലപാട് ഉടന്‍'; സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്ന് സാബു എം ജേക്കബ്

വീണ്ടും പോസ്റ്റ് 'മുക്കി' ശ്രീനിജൻ
തൃക്കാക്കരയിൽ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും മുന്നേ, അഡ്വ. കെ.എസ്.അരുൺകുമാറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പി.വി.ശ്രീനിജൻ എംഎൽഎ നേരത്തെ പിൻവലിച്ചിരുന്നു. അരുൺ കുമാറാണ് സ്ഥാനാർത്ഥി എന്ന പേരിൽ ഇട്ട പോസ്റ്റാണ് പിൻവലിച്ചത്. സിപിഎം ജില്ല കമ്മിറ്റി കൂടുന്നതിനു മുൻപായിരുന്നു നടപടി. വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടതോടെ പോസ്റ്റ്‌ പിൻവലിക്കുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നായിരുന്നു ശ്രീനിജന്റെ വിശദീകരണം. 

Thrikkakara by election : 'അബദ്ധം പറ്റി'; തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം, പോസ്റ്റ് പിൻവലിച്ച് ശ്രീനിജൻ എംഎൽഎ