തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വി പ്രേംകുമാറിനെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.വേണു അവധിക്ക് അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറി ടോം തോമസിനാണ് വേണു അവധി അപേക്ഷ കൈമാറിയത്. 

വകുപ്പ്മേധാവിയായ താൻ പോലുമറിയാതെ സർവ്വേ ഡയറക്ടർ പ്രേംകുമാറിനെ മാറ്റിയതാണ് വി.വേണുവിന്‍റെ പ്രകോപനത്തിന് കാരണം. റീ സർവ്വേ നടപടികള്‍ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികളുമായി പ്രേംകുമാര്‍ മുന്നോട്ട് പോകുന്നതിനിടെ ഉദ്യോഗസ്ഥന്‍റെ പൊടുന്നയുള്ള മാറ്റം ആത്മവീര്യം നശിപ്പിക്കുമെന്ന് നേരത്തെ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഡോ.വേണു പറഞ്ഞിരുന്നു. 

അതേസമയം പ്രേംകുമാറിനെ സ്ഥലംമാറണമെന്ന നിലപാടില്‍ ഒരു വിഭാഗം മന്ത്രിമാര്‍ ഉറച്ച‍ു നിന്നതോടെയാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. പ്രേംകുമാറിനെ സ്ഥലം മാറ്റിയില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. 

സർവ്വേ ഡയറക്ടർ പ്രേംകുമാറിനെ സ്ഥലംമാറ്റാനുള്ള തീരുമാനത്തിനെതിരെ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഐഎഎസ് അസോസിയേഷന്‍ സ്ഥലം മാറ്റത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. സിവില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് അടിക്കടി നടത്തുന്ന സ്ഥലം മാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് അസോസിയേഷൻ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

ചില ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ ചീഫ് സെക്രട്ടറി നൽകുന്നതില്ലെന്ന പരാതി നിലനിൽക്കെയാണ് പ്രംകുമാറിന്‍റെ സ്ഥലംമാറ്റവും പുതിയ വിവാദങ്ങളും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അടിക്കടിയുണ്ടാകുന്ന സ്ഥലമാറ്റത്തിൽ ഐഎഎസ് അസോസിയേഷൻ ഇടപടെുന്നില്ലെന്ന വിമർശനം യുവ ഐഎഎസുകാരുള്‍പ്പെടെ ഉന്നയിച്ചതോടെയാണ് പ്രേംകുമാറിന്‍റെ സ്ഥലം മാറ്റത്തിനെതിരെ ഐഎഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. 

മതിയായ കാരണങ്ങളില്ലെങ്കിൽ രണ്ടു വർഷം കഴിയാതെ ഒരു ഉദ്യോഗസ്ഥനെ സ്ഥലമാറ്റരുതെന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറിയ പ്രമേയത്തിൽ ഐഎഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധി തികയും മുന്‍പേ ഉദ്യോഗസ്ഥനെ മാറ്റുകതയാണെങ്കിൽ സിവിൽ സർവ്വീസ് ബോർ‍ഡ് ചേർന്ന തീരുമാനമെനടുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.