ഇടതുപക്ഷ പ്രവർത്തകരായ ഞങ്ങൾക്ക് ആർക്കും അനുയായികളില്ലെന്നും ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്‍റെ അനുയായികളും പ്രവർത്തകരുമാണെന്നും മുഹമ്മദ് റിയാസ്

കോഴിക്കോട്: ബിജെപിക്ക് വോട്ടു മറിച്ചെന്ന പ്രചാരണത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ടിന്‍റെയും അപവാദ നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

റിയാസിന്‍റെ അനുയായികൾ വോട്ടുമറിച്ചെന്നാണ് ആരോപണമുയര്‍ന്നത്. എന്നാല്‍ ഇടതുപക്ഷ പ്രവർത്തകരായ ഞങ്ങൾക്ക് അനുയായികളില്ലെന്നും ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്‍റെ അനുയായികളും പ്രവർത്തകരുമാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കോൺഗ്രസ്സ്-ബിജെപി ഗൂഢാലോചനയുടെയും അവിഹിത-അവിശുദ്ധ കൂട്ടുകെട്ടിന്‍റെയും ബാക്കി പത്രമാണ് ബിജെപി നേതാവിന്‍റെ പ്രസ്താവന.

അപവാദ പ്രചാരണം കോഴിക്കോട്ടുകാർ മനസ്സിലാക്കുമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി നേതാവിന്‍റെയും ചില മാധ്യമങ്ങളുടേയും വില കുറഞ്ഞ ആക്ഷേപത്തെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയായിരുന്നു താന്‍ ആദ്യം ചെയ്തതെന്നും എന്നാല്‍ പ്രചാരണത്തെ മറ്റ് മാധ്യമങ്ങള്‍ കൂടി എടുത്തപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.