കാട്ടില്‍ കയറിപ്പോകാൻ വിസമ്മതിച്ച് ശല്യമോ അക്രമമോ അഴിച്ചുവിട്ടാല്‍ പടയപ്പയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം വനം മന്ത്രി അറിയിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ഇടുക്കിയില്‍ 'പടയപ്പ'യെന്ന കാട്ടാന ജനവാസമേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. നല്ല ഭക്ഷണവും വെള്ളവും കാട്ടിനുള്ളില്‍ സജ്ജമാക്കി പടയപ്പയെ ജനവാസമേഖലയിലേക്ക് ഇറക്കാതെ നോക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന മന്ത്രിതല സര്‍വകക്ഷിയോഗ തീരുമാനം നടപ്പിലായില്ലെന്നതിലാണ് വിമര്‍ശനം.

ഇത് നടപ്പിലാക്കിയിരുന്നെങ്കില്‍ പടയപ്പയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളുണ്ടാകുമായിരുന്നില്ലെന്നാണ് വിമര്‍ശനം. ഇന്നും ഏറെ നേരം മാട്ടുപ്പെട്ടിയിലും തെന്മലയിലും പടയപ്പ ജനവാസമേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇനിയും നാട്ടിലേക്ക് ഇറങ്ങി, കാട്ടില്‍ കയറിപ്പോകാൻ വിസമ്മതിച്ച് ശല്യമോ അക്രമമോ അഴിച്ചുവിട്ടാല്‍ പടയപ്പയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം വനം മന്ത്രി അറിയിച്ചിട്ടുണ്ട്. 

ഉള്‍ക്കാട്ടിലേക്ക് പടയപ്പയെ അയയ്ക്കാൻ ശ്രമിക്കും, ഇത് പരാജയപ്പെട്ടാല്‍ മയക്കുവെടി ആലോചിക്കും, വന്യമൃഗങ്ങളുടെ ആക്രമണം കൂടുന്നതിന്‍റെ യഥാര്‍ത്ഥ കാരണം അറിയില്ല, വന്യമൃഗങ്ങളുടെ എണ്ണം പെരുകിയിട്ടില്ല, കാട്ടിലെ ജല സ്രോതസ്സുകൾ പൂർണ്ണമായും വറ്റിയിട്ടില്ല, എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം കാട്ടിൽ ചൂട് കൂടുന്നു, കാട്ടിലെ ജലലഭ്യത വർധിപ്പിക്കാൻ ശ്രമിക്കുകയാണ്, ഇതിനായി വനാതിർത്തിയിൽ കുളങ്ങളിലും മറ്റും വെള്ളം എത്തിക്കും, ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്, വന്യമൃഗങ്ങൾ കൂടുതലായി എത്തുന്ന ഭാഗങ്ങളിൽ വേലി കെട്ടും, താൽക്കാലിക വാച്ചർമാരെ കൂടുതലായി നിയമിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. 

ആര്‍ആര്‍ടി എണ്ണവും ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടാനുള്ള ശുപാർശ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

അതേസമയം ഇടുക്കിയില്‍ ചിന്നക്കനാലിലും പരിസരങ്ങളിലും ഭീകരത സൃഷ്ടിച്ച അരിക്കൊമ്പൻ എന്ന കാട്ടാന പ്രശ്നങ്ങളൊന്നുമില്ലാതെ കാട്ടില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ തമിഴ്നാട് കൈമാറുന്നുണ്ട്. സ്ത്രീകള്‍ അടക്കം നിരവധി ആളുകൾ അരിക്കൊമ്പന്‍റെ വിശേഷങ്ങൾ അറിയാൻ വനംവകുപ്പിനെ ബന്ധപ്പെടാറുണ്ടെന്നും മന്ത്രി അറിയിച്ചു. 

Also Read:- മയക്കുവെടി വയ്ക്കും മുമ്പ് കടന്നുകളഞ്ഞു; കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo