ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിൽ വ്യാപക പ്രതിഷേധം; സര്‍ക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം
റിപ്പോർട്ടിലെ ഒഴിവാക്കലുകളിൽ സർക്കാരിന് പ്രത്യേക റോളില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ വെട്ടി മാറ്റിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മാല പാര്‍വതി വ്യക്തമാക്കി.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും മുമ്പ് സർക്കാർ നടത്തിയ സെൻസറിങിൽ വ്യാപക പ്രതിഷേധം. 21 പാരഗ്രാഫുകൾ ഒഴിവാക്കാൻ കമ്മീഷൻ നിർദേശിച്ചപ്പോൾ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം.
അതേസമയം, സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഖണ്ഡികള്‍ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സർക്കാർ നടപടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ കമ്മീഷന് പരാതി നൽകി.സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ മേഖലയിലുള്ളവരും പ്രതിപക്ഷവും രംഗത്തെത്തി. സർക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്‍റെ സെൻസറിങ് വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒളിച്ചുകളി ആരെയോ രക്ഷിക്കാനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നടിച്ചു. കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ വെട്ടി മാറ്റിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും നടി മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾ ഇനി കോടതി തീരുമാനിക്കട്ടെയെന്നും കൂടുതല്‍ വിശദീകരണത്തിനില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം.സെന്‍സറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കട്ടെയെന്നും കോടതി പറയുന്നതുപോലെ തീരുമാനം എടുക്കാമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും കേസെടുക്കാൻ കഴിയുക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന് മന്ത്രി എ.കെ.ബാലനും പ്രതികരിച്ചു.
അതേസമയം, സിനിമാ മേഖലയിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം ഉണ്ടാകണം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സംസ്കാരിക മന്ത്രിക്കും കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സര്‍ക്കാരിന് പ്രത്യേക റോളില്ലെന്ന് മന്ത്രി പി രാജീവ്
റിപ്പോർട്ടിലെ ഒഴിവാക്കലുകളിൽ സർക്കാരിന് പ്രത്യേക റോളില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വിവരാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോർട്ട് പുറത്തു കൊടുക്കേണ്ടത്. ഒന്നും കുറയ്ക്കാനോ കൂട്ടാനോ പാടില്ല. അക്കാര്യം പാലിക്കപ്പെട്ടിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ഉത്തരവിന്‍റെ ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാം. ഞങ്ങളുടെ കയ്യിൽ റിപ്പോർട്ടില്ല. ഒഴിവാക്കിയത് ഏത് ഭാഗമാണെന്ന് അറിയില്ലെന്നും പി.രാജീവ് പറഞ്ഞു.
മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ
വിവരാവകാശ കമ്മിഷൻ പറയാത്ത പേജുകൾ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തുന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഡി സതീശൻ.വേട്ടക്കാരുടെ സ്വകാര്യതയാണ് സർക്കാർ സംരക്ഷിക്കുന്നത്. കോവിഡ് കാലമായതു കൊണ്ട് നടപടിയെടുത്തില്ല എന്നാണ് മുൻ സാംസ്കാരിക മന്ത്രി ബാലൻ പറഞ്ഞത്.
നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾക്കെതിരെ കേസ് എടുത്തത് കോവിഡ് കാലത്താണ്. സ്ത്രീകളെ അക്രമിച്ചവർക്കെതിരെ കേസെടുക്കാൻ കോവിഡ് കാലത്ത് എന്ത് തടസം? എന്തൊരു അബദ്ധമാണ് ഇവർ പറയുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയല്ല സ്ത്രീകൾക്കു വേണ്ടിയാണ് കോൺഗ്രസ് ഈ നിലപാട് എടുക്കുന്നത്. കൊച്ചിയിൽ ഈ കോൺക്ലേവ് നടത്താൻ ഞങ്ങൾ അനുവദിക്കില്ല. സിനിമയിലെ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിന് ഇനി ഏത് തൊഴിലിടത്തെ സ്ത്രീകളെയാണ് സംരക്ഷിക്കാൻ കഴിയുന്നത്?
പരാതി തന്നാൽ മാത്രം കേസെടുക്കേണ്ട വിഷയമാണോ ഇത്? കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നു കഴിഞ്ഞു. ഇരകളുടെ മൊഴികൾ ഉണ്ട്. അന്വേഷണം നടത്തരുത് എന്ന് ഹേമ പറഞ്ഞു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ. അവർ പറഞ്ഞത് സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാവണം നടപടികൾ എന്നു മാത്രമാണ്. അതിനെയാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് വ്യാഖ്യാനിച്ചത്. നാലര കൊല്ലക്കാലം ഇതു മൂടിവച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റ കൃത്യമാണ് ചെയ്തത്.