കോട്ടയം/ പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. മൂന്ന് കേന്ദ്രങ്ങളിലായി നടന്ന കൊട്ടിക്കലാശ ചടങ്ങിന് മുൻപെങ്ങുമില്ലാത്തത്ര ആവേശമുണ്ടായെന്നാണ് മുന്നണികൾ ഒരു പോലെ അവകാശപ്പെടുന്നത്. പരസ്യപ്രചാരണം അവസാനിക്കുന്നത് നാളെയാണ്. അവധി കണക്കിലെടുത്താണ് മുന്നണികൾ മുൻകയ്യെടുത്ത് കൊട്ടിക്കലാശ ചടങ്ങ് ഒരു ദിവസം മുമ്പാക്കുകയായിരുന്നു. ഒരുമാസത്തെ വാശിയേറിയ തെരഞ്ഞെടപ്പ് പ്രചാരണത്തിന് ആവേശകരമായ സമാപനമാകുമ്പോൾ അത് ആഘോഷമാക്കാൻ മുന്നണികളുടെ മുൻനിര നേതാക്കളെല്ലാം പാലായിലെത്തി. 

പരസ്യപ്രചാരണത്തിന് ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളെല്ലാം കൊട്ടിക്കലാശത്തിനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇടത് പട നയിച്ചപ്പോൾ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കം വലിയൊരു നിരയുടെ നേതൃത്വത്തിലായിരുന്നു പാലായിൽ യുഡിഎഫ് പ്രചാരണം. ഒ രാജഗോപാലടക്കം മുതിര്‍ന്ന നേതാക്കളുടെ എല്ലാം സാന്നിധ്യം ബിജെപി ക്യാമ്പിനെയും സജീവമാക്കി. 

ശബരിമല വിഷയത്തിൽ തുടങ്ങി സര്‍ക്കാര്‍ പദ്ധതികളിലെ പാളിച്ചയിലും ഏറ്റവും ഒടുവിൽ കിഫ്ബി അഴിമതിയുമെല്ലാം എടുത്തിട്ടായിരുന്നു പ്രതിപക്ഷ പ്രാചരണം. എന്നാൽ പാലായിലെത്തിയ പിണറായി വിജയൻ ശബരിമലയിൽ തൊട്ടതേ ഇല്ല. പകരം അഴിമതി വിഷയമാക്കി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം 

പാലാരിവട്ടം പാലം അഴിമതിയില്‍ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ അത് ആയുധമാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗമത്രയും. തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സര്‍ക്കാരിന്‍റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ പിണറായി വിജയൻ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയത്.  

എന്നാൽ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം, ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും ഉണ്ടയില്ലാ വെടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. പാലാരിവട്ടത്തില്‍ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപക്ഷം ബേജാറാകുന്നത് എന്തിനെന്ന് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു. അതേസമയം, പാലാരിവട്ടത്തെ നേരിടാൻ  കിഫ്ബിയാണ് പ്രതിപക്ഷത്തിന്‍റെ ആയുധം.

കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളില്‍ കോടികളുടെ അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ലാവ്‍ലിൻ കേസ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു. കിഫ്ബി, കിയാൽ ഓഡിറ്റിൽ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ച് കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തി. പാലാരിവട്ടം അഴിമതിക്കേസ് പാലയിലെ വിജയത്തെ ബാധിക്കില്ല. കമ്പനിക്ക് മുൻകൂർ ഫണ്ട് അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കുന്നത് വിദൂരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതി നടത്തിയതിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പ്രതികരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ കേസിൽ പിണറായിയുടെ പങ്ക് തെളിയിക്കപ്പെടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെയും യുഡിഎഫിനെതിരെയും ആരോപണമുന്നയിച്ചുകൊണ്ട് ബിജെപിയും അഴിമതി അവസാന ലാപ്പിൽ സജീവ പ്രചാരണായുധമാക്കി.  ശ്രീനാരായണ ഗുരു സമാധി ആയതിനാലാണ് കൊട്ടിക്കലാശം ഒരു ദിവസം നേരത്തെ നടത്താൻ മുന്നണികള്‍ തീരുമാനിച്ചത്. 23 നാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.