Asianet News MalayalamAsianet News Malayalam

ജോസ് കെ മാണിയുടെ 'രണ്ടില മോഹം' ജോസഫ് വെട്ടിയത് ഇങ്ങനെ

സൂക്ഷ്മപരിശോധന വേളയിൽ പി ജെ ജോസഫ് - ജോസ് കെ മാണി പക്ഷങ്ങൾ തമ്മിൽ രണ്ട് മണിക്കൂർ നീണ്ട വാദ, പ്രതിവാദങ്ങളായിരുന്നു നടന്നത്. ഒടുവിൽ പ്രഖ്യാപനം വന്നു, ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നമില്ല.

pala by election jose tom udf independent candidate
Author
Pala, First Published Sep 6, 2019, 7:15 AM IST

പാലാ: കേരളാ കോൺഗ്രസ് തർക്കം വോട്ടെടുപ്പ് കഴിയും വരെ മാറ്റി വയ്ക്കാൻ ജോസ് പക്ഷത്തിന്റെ തീരുമാനം. ചിഹ്നത്തെ കുറിച്ച് ഇനി ഒരു ചർച്ചയും വേണ്ടെന്നാണ് ജോസ് പക്ഷ നേതാക്കൾക്കിടയിലെ ധാരണ. അതേസമയം കൺവെൻഷനിൽ പി ജെ ജോസഫിന് നേരെ ഉണ്ടായ പ്രതിഷേധത്തിൽ കടുത്ത അമർഷത്തിലാണ് ജോസഫ് പക്ഷം. 

സൂക്ഷ്മപരിശോധന വേളയിൽ പി ജെ ജോസഫ് - ജോസ് കെ മാണി പക്ഷങ്ങൾ തമ്മിൽ രണ്ട് മണിക്കൂർ നീണ്ട വാദ, പ്രതിവാദങ്ങളായിരുന്നു നടന്നത്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതി വിധിയാണ് വരണാധികാരി പ്രധാനമായും പരിഗണിച്ചത്.

പതിനൊന്നരയോടെയാണ് സൂക്ഷ്മപരിശോധനക്കായി ജോസ് ടോം പുലിക്കുന്നേലിന്റെ പത്രിക എടുത്തത്. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകിയ പത്രികയാണ് ആദ്യം പരിഗണിച്ചത്. പി ജെ ജോസഫ് പക്ഷം ഇതിനെതിരെ എതിർപ്പ് ഉന്നയിച്ചു. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായ പി ജെ ജോസഫിനാണെന്നാണ്  ജോസഫ് പക്ഷത്തിന്‍റെ വാദം. ജോസഫ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ജോസ് ടോമിന് രണ്ടില നൽകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടേതാണ് യഥാർത്ഥ കേരളാ കോൺഗ്രസെന്നും സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർത്ഥിക്ക് രണ്ടിലക്ക് അവകാശം ഉണ്ടെന്നും ജോസ് കെ മാണി പക്ഷം അറിയിച്ചു. 

ജോസ് ടോമിന്റെ പത്രികയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രിൻസ് ലൂക്കോസും ഒപ്പിട്ടത് നിയമപരമായിട്ടാണെന്നും ജോസ് കെ മാണി പക്ഷം വാദിച്ചു. പി ജെ ജോസഫ് സസ്പെൻറ് ചെയ്ത സ്റ്റീഫൻ ജോർജിന് ഇത്തരം അധികാരമില്ലെന്ന് ജോസഫ് പക്ഷത്തിന്റെ മറുവാദം. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതി വിധിയും ഇതിനിടെ ജോസഫ് പക്ഷം ഉയർത്തി. തർക്കം മുറുകിയതോടെ മറ്റ് സ്ഥാനാർത്ഥികൾ ഇടപെട്ടു. സമയ നഷ്ടമുണ്ടാകുന്നെന്നും തങ്ങളുടെ പ്രതികൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. 

12.30 ഓടെയാണ് ജോസ് ടോമിന്റെ പ്രതിക വീണ്ടും പരിഗണിച്ചത്. നേരത്തെ ഉയർത്തിയ വാദങ്ങൾ ഇരു കൂട്ടരും ആവർത്തിച്ചു. ഇതോടെ തർക്കം മുറുകി. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ ശിവപ്രസാദ്, കോട്ടയം കളക്ടറുമായും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണയുമായും ബന്ധപ്പെട്ടു. ഉചിതമായ തീരുമാനം എടുക്കാൻ ടിക്കാറാം മീണ കളക്ടർക്ക് നിർദ്ദേശം നൽകി. കളക്ടറും വരണാധികാരിയും മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ പ്രഖ്യാപനം വന്നു, ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നമില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അധികാരം പി ജെ ജോസഫിനെന്നും വരണാധികാരി അറിയിച്ചു. പിന്നാലെ സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള ജോസ് ടോം പുലിക്കുന്നേലിന്റെ പത്രിക അംഗീകരിച്ചു.

Follow Us:
Download App:
  • android
  • ios