പാലാ: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട പാലായിൽ ഇടത് സ്ഥാനാ‍ർത്ഥി മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ഇടത് സ്ഥാനാ‍ർത്ഥിയുടെ കണക്കുകൂട്ടൽ. വിശ്വാസികളുടെ വോട്ട് ഇടതു മുന്നണിക്ക് തന്നെ കിട്ടുമെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കവലകൾ കേന്ദ്രീകരിച്ചാണ് മാണി സി കാപ്പൻ വോട്ട് ചോദിച്ച് തുടങ്ങിയത്. പാലായിൽ മൂന്ന് തവണ കെ എം മാണിയോട് തോറ്റു. മാണി സ്ഥാനാർത്ഥിയല്ലാത്ത തെരഞ്ഞെടുപ്പിൽ, ഇത്തവണ സഹായിക്കണം. ഇങ്ങനെ അഭ്യർ‍ത്ഥിക്കുന്ന മാണി സി കാപ്പൻ ഉന്നമിടുന്നത് വോട്ടർമാരുടെ സഹതാപമാണ്. ഒപ്പം കേരള കോൺഗ്രസിലെ ഭിന്നതയും വോട്ടാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. 

അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് പാലായിലെ അതിഥിയാണ് കാപ്പനെന്നാണ് എതിർ ക്യാമ്പിന്‍റെ ആരോപണം. ജോസ് കെ മാണി മണ്ഡലത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം താൻ പാലായിലുണ്ടെന്ന് പറഞ്ഞ മാണി സി കാപ്പൻ മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി. താൻ ജയിച്ചാൽ മന്ത്രിയാകും എന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.