കോട്ടയം: പാലായിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, നിഷ ജോസ് കെ മാണി മത്സരിച്ചേക്കില്ലെന്ന് സൂചന. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യുഡിഎഫ് ശ്രമം നടത്തുന്നതായാണ് വിവരം.

നിഷക്ക് വിജയസാധ്യതയില്ലെന്ന് പി ജെ ജോസഫ് ഉറപ്പിച്ചു പറഞ്ഞതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയായി തുടരുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരമാകുമെന്ന് കരുതുന്നില്ലെന്നാണ് യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പറഞ്ഞ ജോസഫ്, ജോസ് കെ മാണി ആരുടെയെങ്കിലും പേരുകള്‍ യുഡിഎഫിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും പറഞ്ഞു. നിഷയ്ക്ക് ജയസാധ്യതയില്ലെന്ന് യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസഫ് പറഞ്ഞിരുന്നു.

എന്നാല്‍, പൊതുവികാരം നിഷയ്ക്ക് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. യുഡിഎഫ് നിയോഗിച്ച ഏഴംഗ ഉപസമിതിക്ക് മുമ്പാകെ ജോസ് പക്ഷം നിര്‍ദ്ദേശിച്ച പേര് നിഷയുടേത് തന്നെയാണെന്നാണ് സൂചന. പൊതുവികാരം മുന്‍നിര്‍ത്തി നിഷയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. ഒരു പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയായി കണ്ടെത്താനാണ് യുഡിഎഫ് നിര്‍ദ്ദേശിച്ചിരുന്നത്. ജോസഫ് ശക്തമായി എതിര്‍ക്കുന്നതുകൊണ്ടു തന്നെ നിഷയെ പൊതുസമ്മത സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പരിഗണിക്കാനിടയില്ല. 

ജോസ് കെ മാണിയെയും പി ജെ ജോസഫിനെയും ഒത്തൊരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് യുഡിഎഫ്. ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനും ജോസഫ് പക്ഷം രണ്ടില ചിഹ്നം അനുവദിക്കണമെന്നുമുള്ള  സമവായ ഫോര്‍മുലയാണ് യുഡിഎഫ് മുമ്പോട്ടുവച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ ജോസ് കെ മാണി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

ചിഹ്നവും സ്ഥാനാര്‍ത്ഥിയും കേരളാ കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് യുഡിഎഫിന്‍റെ സഹായം തേടിയത്, അല്ലാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനല്ല എന്ന് ജോസ് കെ മാണി പരോക്ഷമായി പറയുകയായിരുന്നു എന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.