കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രികകൾ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കും.

രണ്ടില തര്‍ക്കത്തില്‍ കേരള കോൺഗ്രസ് എമ്മിലെ ജോസ് - ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് സൂഷ്മ പരിശോധന. രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്‍റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും. ചിഹ്നം ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പിജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുൻപിലുണ്ട്. അതേസമയം സ്റ്റീയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറേയും അറിയിച്ചിരിക്കുന്നത്.

സ്റ്റീയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്നം ആവശ്യപ്പെട്ടുവെന്നാണ് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജ് വ്യക്തമാക്കിയത്. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നില്ലെങ്കില്‍ ഉടനടി പത്രിക പിൻവലിക്കുമെന്ന് സ്വതന്ത്രൻ ജോസഫ് കണ്ടെത്തില്‍ പറഞ്ഞു. കമ്മീഷന്‍റെ മുൻപാകെുള്ള ചെയര്‍മാൻ തര്‍ക്കം കോടതിയിലെ കേസുകള്‍, പാര്‍ട്ടി ഭരണ ഘടന എന്നിവ പരിഗണിച്ചാകും വരണാധികാരിയുടെ തീരുമാനം എന്നാണ് വിവരം.