പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപീകരിച്ചുവെന്ന് ജോസ് കെ മാണി. സമിതിയില്‍ ഏഴ് അംഗങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. ചിഹ്നത്തിൽ ധാരണയായിയെന്നും ജോസ് കെ മാണി അറിയിച്ചു.

നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍ സാധ്യത. പാലായിൽ ചേർന്ന നേതൃയോഗത്തിലും നിഷയുടെ പേരാണ് മുഖ്യമായും പരിഗണിച്ചത്. എന്നാൽ  നിഷ സ്ഥാനാര്‍ത്ഥിയായാല്‍ അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കേ ചിഹ്നം നൽകൂ എന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്.

അതേസമയം, കേരള കോൺഗ്രസിലെ തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ബിഷപ്പ് വി എസ് ഫ്രാൻസീസ് മുന്നറിയിപ്പ് നല്‍കി. തർക്കം തുടർന്നാൽ എല്‍ഡിഎഫ് അനായാസം ജയിക്കുമെന്ന് വി എസ് ഫ്രാൻസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.