Asianet News MalayalamAsianet News Malayalam

പാലായുടെ വിധി ഇന്നറിയാം: വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്.   
 

Pala by poll results Will be out soon
Author
Pala, First Published Sep 27, 2019, 5:51 AM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും.  പാലായിൽ യുഡിഎഫ് - ബിജെപി വോട്ടു കച്ചവടമെന്ന ഇടതു ആരോപണത്തെ ചൊല്ലിയുള്ള വാക് പോരാണ് വോട്ടെണ്ണല്‍  തലേന്ന് പാലായിൽ സജീവമാകുന്നത്.

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്.   

എട്ടരയോടെ ആദ്യഫലസൂചനകള്‍ വരും. പത്തു മണിയോടെ വോട്ടണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കു കൂട്ടല്‍. പാലാ കാര്‍മല്‍ പബ്ലിക്ക് സ്ക്കൂളിലാണ് വോട്ടെണ്ണല്‍. ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന യുഡിഎഫ് വിജയം ആഘോഷിക്കാനുള്ള  ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ നിയുക്ത എംഎല്‍എയായി വിശേഷിപ്പിച്ചും വിജയാഘോഷ പരിപാടികള്‍ അറിയിച്ചും യുഡിഎഫ്  വാര്‍ത്താക്കുറിപ്പിറക്കുക വരെ ചെയ്തു. 

ബിജെപി അച്ചടക്ക നടപടിയെടുത്ത പ്രാദേശിക നേതാവിന്‍റെ വെളിപ്പെടുത്തല്‍ ആയുധമാക്കിയാണ് പാലായില്‍ യുഡിഎഫ് - ബിജെപി വോട്ടുകച്ചവട ആരോപണം ഇടതു മുന്നണി ഉയര്‍ത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി കേരളകോണ്‍ഗ്രസ് ഉന്നത നേതാവിന്‍റെ വീട്ടില്‍ പാതിരാത്രിയെത്തി കച്ചവടം ഉറപ്പിച്ചുവെന്നാണ് ബിജെപിപ്രാദേശിക നേതാവിന്‍റെ ആരോപണം.

ശബരിമല പ്രചാരണത്തില്‍ ഉയര്‍ത്തിയില്ലെങ്കിലും വിഷയം പാലായില്‍ ചര്‍ച്ചയായെന്നാണ് സിപിഎം വിലയിരുത്തല്‍. സാമുദായിക ഘടകങ്ങള്‍ സമ്പൂര്‍ണ്ണമായി അനുകൂലമായെന്നും പാര്‍ട്ടി വിലയിരുത്തുന്നില്ല. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടില്‍ കുറവുണ്ടാകില്ലെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

Follow Us:
Download App:
  • android
  • ios