കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ദുബൈയിൽ നിന്നെത്തിയ യുവതിയെ സ്വർണം കവരുന്നതിനായി കണ്ണൂരിൽ നിന്നുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്.
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നത്. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിൽ എത്തിയവർ തട്ടിക്കൊണ്ടുപോയത്. മലപ്പുറം പുളിക്കലിൽ വെച്ച് ഇവരെ പൊലീസ് സാഹസികമായി പിടികൂടി. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്ന് ഉള്ളവരാണ് സ്വർണം പൊട്ടിക്കാനെത്തിയതെന്ന് പൊലീസ് പറയുന്നു. ദുബൈയിൽ നിന്നും വന്ന പ്രിയങ്കയാണ് സ്വർണം കടത്തിയത്. മാല, വള, കൈ ചെയിൻ ആഭരണങ്ങളായി കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.





