തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്‌ മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്‌ മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭരണത്തിൽ വരാൻ വേണ്ടിയല്ല രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം പ്രമേയം നൽകിയതെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പറഞ്ഞു. യുഡിഎഫിൽ തന്നെ പ്രതിസന്ധിയാണ്. നഗരസഭയിൽ ഭരണം നടക്കുന്നില്ല. ചെറുപ്പക്കാരിയായ ഒരു ചെയർപേഴ്സൺ വന്നപ്പോൾ ഭരണത്തിൽ പ്രതിപക്ഷം പിന്തുണ നൽകി. അവിശ്വാസം കൊടുത്തത് പ്രതിപക്ഷത്തിന് ഭരണം പിടിക്കാനല്ല. രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം കൊണ്ട് വന്നതെന്നും ബിജു പാലൂപ്പടവൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രണയം പാസാക്കിയിരുന്നു.

പ്രതിസന്ധി തുടരുന്നു

യുഡിഎഫ്–സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കുകയായിരുന്നു. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസ്സാക്കിയത്. ഭരണം നിലനിർത്തുന്നതിനേക്കാൾ പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോൺഗ്രസിന്റെ നിർണായക തീരുമാനം. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഉണ്ടായ നാടകീയ രംഗങ്ങളാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഡിവൈഎഫ് ഐക്ക് വേണ്ടി ഒത്തുകളിച്ച ദിയ ബിനു പുളിക്കക്കണ്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പൊതുവികാരം.

തീരുമാനം കെപിസിസിയുടേത്

പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക്‌ വിട്ട് കോൺഗ്രസ്‌ ജില്ല നേതൃത്വം. മുൻപ് പലതവണ ജില്ല നേതാക്കൾ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്തോടെയാണ് സംസ്ഥാന നേതാക്കളുടെ ഇടപെടൽ തേടിയത്. അന്ന് ഭരണംപിടിച്ചത് അഭിമാനം എന്ന് പറഞ്ഞ യുഡിഎഫിന് ഇന്ന് അപമാനമാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തർക്കങ്ങളാണ് നഗരസഭയിൽ. എം പിയും എം എൽ എയും സകല നേതാക്കളും ഇടപെട്ടിട്ടും തീരാത്തത്ര പ്രശ്നങ്ങൾ. ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയത്.