Asianet News MalayalamAsianet News Malayalam

എൻസിപി എല്‍ഡിഎഫ് വിടുമോ; രൂക്ഷമായ ഭിന്നതക്കിടെ എൻസിപിയിൽ ഇന്ന് നിർണായക കൂടിക്കാഴ്ച

എൻസിപിയിൽ തർക്കം രൂക്ഷമായിരിക്കേ കേരളത്തിൽ നിന്നുള്ള നേതാക്കൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവർ ശരദ് പവാറിനെ കാണും. 

pala seat controversy meeting with ncp kerala leaders and pawar
Author
Delhi, First Published Feb 3, 2021, 10:16 AM IST

തിരുവനന്തപുരം: എൻസിപി എല്‍ഡിഎഫ് വിടുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. ദേശീയ അധ്യക്ഷൻ ശരദ് പവാറും കേരള നേതാക്കളും തമ്മില്‍ ഇന്ന് ദില്ലിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടക്കും. പാല കേരളാ കോണ്‍ഗ്രസിന് വിട്ട് കൊടുക്കുന്ന പ്രശ്നമില്ലെന്ന് ചര്‍ച്ചയുടെ അവസാന മണിക്കൂറിലും മാണി സി കാപ്പൻ ആവര്‍ത്തിക്കുന്നു.

പാലായെച്ചൊല്ലി തുടങ്ങിയ തര്‍ക്കത്തില്‍ ശരദ് പവാര്‍ കേരള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം പറയും. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവരാണ് ശരദ് പവാറിനെ കാണുക. ഇടത് മുന്നണിയിൽ തന്നെ തുടരണമെന്നും, തുടർ ഭരണസാധ്യതയുണ്ടെന്നുമാണ് ശശീന്ദ്രൻ വിഭാഗം പറയുന്നത്. എന്നാൽ പാലായടക്കം സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകി മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്. ഇരുനേതാക്കളെയും കേട്ട ശേഷം ആവശ്യമെങ്കിൽ പ്രഫുൽ പട്ടേലിനെ കൂടി ഇടപെടുത്തിയുള്ള പ്രശ്ന പരിഹാരത്തിനാകും പവാർ ശ്രമിക്കുക.

എൻസിപി മുന്നണി വിടുന്നതിനെ തടയിടാൻ സിപിഎം കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലുകള്‍ കാരണം എൻസിപി ദേശീയ നേതാക്കള്‍ ആശയക്കുഴപ്പത്തിലാണ്. ഒപ്പം തുടര്‍ഭരണ സാധ്യതകളുണ്ടെന്ന് എ കെ ശശീന്ദ്രൻ കേന്ദ്ര നേതാക്കളെ അറിയിച്ചതും പരിഗണനയിലാണ്. പക്ഷേ സിറ്റിംഗ് സീറ്റുകള്‍ വിട്ട് കൊടുത്തിട്ട് മുന്നണിയില്‍ തുടരേണ്ടെന്ന ശരദ്പവാറിന്‍റെ നിലപാടാണ് കാപ്പൻ അനുകൂലികളുടെ പ്രതീക്ഷ. പാര്‍ട്ടിയിലെ ഇരു വിഭാഗത്തേയും കേട്ട ശേഷം പ്രഫുല് പട്ടേലിനെ കേരളത്തിലേക്ക് അയച്ച് പ്രശ്നപരിഹാരം കാണാനും പവാര്‍ ശ്രമിച്ചേക്കും.എൻസിപി വന്നില്ലെങ്കിലും കാപ്പനെ മാത്രം സ്വീകരിക്കാനും ഒരുക്കമാണെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios