പാലക്കാട്: തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്കരിച്ചു. ചന്ദ്രനഗർ ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം. അതിനിടെ, അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവം മൂലമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആഴത്തിലുള്ള വെട്ടേറ്റാണ് അനീഷ് മരിക്കുന്നത്. തുടയ്ക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നു പോകാൻ കാരണമായി. കഴുത്തിലും പരിക്കുകളുണ്ട്. രക്തം വാർന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അനീഷിന്റെ കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിലുള്ള ഉള്ള അനീഷിന്റെ ഭാര്യ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ശനിയാഴ്ച പുലർച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മർദ്ദമാണ് ആണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി. ഇരുവരും അനീഷിനെ കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായി പ്രധാന സാക്ഷി അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അനീഷിനെ ഭാര്യ ഹരിത, ബന്ധുക്കൾ എന്നിവരുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമേ ദുരഭിമാനകൊലയാണോ കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് നിലപാട്. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കും.