പാലക്കാട്: പാലക്കാട് നഗരത്തെ ഹോട്ട്‍സ്‍പോട്ട്  പട്ടികയില്‍ നിന്നും ഒഴിവാക്കി. കാഞ്ഞിരപ്പുഴ,തിരുമിറ്റക്കോഡ്,കൊട്ടോപ്പാടം, കാരാക്കുരുശി പഞ്ചായത്തുകളാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ പാലക്കാട് നഗരത്തിലേക്കുള്ള വഴികള്‍ തുറന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്ല്യത്തില്‍ വന്ന ഇന്നലെ പാലക്കാട് നഗരത്തിലേക്ക് അനിയന്ത്രിതമായാണ് വാഹനങ്ങള്‍ എത്തിയത്. ഇതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാക്കി മറ്റ് വഴികള്‍ അടച്ചു. 

അതേസമയം കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചു. കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പൊലീസ് പരിശോധന മുൻ ദിവസങ്ങളിലേത് പോലെ തുടരും. ഓട്ടോ ടാക്സി സർവ്വീസുകൾ പാടില്ല. വ്യാപ‌ര സ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണമുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും പ‌ഴ്സൽ സർവ്വീസ് മാത്രം. സർക്കാർ സ്ഥാപനങ്ങള്‍  33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം.