പാലക്കാട് വോട്ടർക്ക് പണം നൽകിയെന്ന 'വോട്ടിന് നോട്ട്' ആരോപണത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വെട്ടിലായി. കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ച ശോഭയുടെ വാദങ്ങൾ പൊളിക്കുന്ന പുതിയ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. പണം നൽകിയ സ്ത്രീ ശോഭയ്ക്കൊപ്പം പാർട്ടി ഓഫീസിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പാലക്കാട് : പാലക്കാട് കണ്ണാടിയിൽ വോട്ടറായ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്. വോട്ടിന് നോട്ട് ആരോപണം തളളിയ ശോഭാ സുരേന്ദ്രൻ, തിരക്കഥ തയാറാക്കി കോൺഗ്രസ് പ്രവർത്തകർ തന്നെ വേട്ടയാടുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ അശ്ശീല ആം​ഗ്യം കാണിച്ചതിനാലാണ് തടഞ്ഞതെന്നും പറഞ്ഞായിരുന്നു തിരിച്ചടിച്ചത്. എന്നാൽ ശോഭയുടെ ആരോപണം പൂർണ്ണമായും തള്ളി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭയോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും പണം നൽകിയതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ, കയ്യോടെ പിടിക്കപ്പെട്ടതോടെ, ജാള്യത മറക്കാൻ ആരോപണങ്ങളുന്നയിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

'അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്. കാറിലുണ്ടായിരുന്നു സ്ത്രീയാണ് പണം ശോഭയ്ക്ക് കൊടുത്തത്. ഈ സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

പുതിയ തെളിവുകൾ പുറത്ത്

ബി ജെ പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പൈസ നൽകിയ സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടത്. പാലക്കാട് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.