പാലക്കാട്: കൊവിഡ് വ്യാപിക്കുന്ന പാലക്കാട് ജില്ലയിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലൻ. നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതുനഗരം, കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത. ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പർക്ക വ്യാപനവും കൂടുതലാണ്. 

പട്ടാമ്പിയിലെ നിയന്ത്രണങ്ങൾ നിലവിൽ പൂർണ്ണമായി ഒഴിവാക്കാനാവാത്ത സ്ഥിതിയാണെന്നും പണിമുടക്കിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആലപ്പുഴ ജില്ലാ കോടതിയിലെ ജീവനക്കാരന് ഇന്ന്‌ കൊവിഡ് സ്ഥിരീകരിച്ചു. പ്രോസസ് സെര്‍വര്‍ തസ്തികയിൽ ജോലി ചെയ്യുന്ന ചേർത്തല അർത്തുങ്കൽ സ്വദേശിക്ക് ആണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും.