Asianet News MalayalamAsianet News Malayalam

പാലക്കാട് മാലിന്യ ലോറി വഴിയിൽ നി‍ർത്തി, ശുചീകരണ തൊഴിലാളികൾ മാലിന്യം റോഡിൽ ഉപേക്ഷിച്ചു

പാലക്കാട് നഗരസഭയിലെ മൂന്നാം ഡിവിഷനിലെ ശുചീകരണ തൊഴിലാളികളാണ് തിരുനെല്ലായി യാക്കര ബൈപാസ് റോഡരികിൽ മാലിന്യം തള്ളിയത്

Palakkad Municipality cleaning staff dumped waste on road side
Author
Palakkad, First Published Jul 2, 2022, 11:47 AM IST

പാലക്കാട് ബിജെപി ഭരിക്കുന്ന ഏക ന​ഗരസഭയായ പാലക്കാട്, ശുചീകരണ തൊഴിലാളികൾ തന്നെ റോഡിൽ മാലിന്യം തള്ളി. യാക്കര ബൈപാസിൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തിൽ 6 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

പാലക്കാട് നഗരസഭയിലെ മൂന്നാം ഡിവിഷനിലെ ശുചീകരണ തൊഴിലാളികളാണ് തിരുനെല്ലായി യാക്കര ബൈപാസ് റോഡരികിൽ മാലിന്യം തള്ളിയത്. തൊഴിലാളികൾ പ്ലാസ്റ്റിക് കൂടുകളിലെ മാലിന്യം വണ്ടിയിൽ നിന്നെടുത്ത്  റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. 
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനം ഉയർന്നു. ഉടൻ നഗരസഭ നടപടി സ്വീകരിച്ചു. ആറ് തൊഴിലാളികളെ ഏഴ് ദിവസത്തേക്കാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിതിരിക്കുന്നത്.

ഇവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും. വിവാഹ സദ്യയുടേത‌ടക്കം ഭക്ഷണ അവശിഷ്ടങ്ങൾ ഇവർ വലിച്ചെറിഞ്ഞ മാലിന്യത്തിലുണ്ട്. ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിച്ചിരുന്നില്ല. തരം തിരിക്കാത്ത മാലിന്യങ്ങൾ നഗരസഭയുടെ കീഴിൽ  കൂട്ടുപാതയിലുള്ള മാലിന്യ നിക്ഷേപ ഗ്രൗണ്ടിൽ കയറ്റില്ല. അതിനാലാണ് റോഡരികിൽ ഇവ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. പാലക്കാട് നഗരസഭക്ക് കീഴിലെ പലയിടങ്ങളിലും റോഡരികിലെ മാലിന്യ കൂമ്പാരം സ്ഥിരം കാഴ്ചയാണ്. ഇതു മൂലം സാംക്രമിക രോഗങ്ങൾ അതിവേഗം പടരുമ്പോഴാണ് മാലിന്യം നീക്കാൻ ചുമതലയുള്ളവർ തന്നെ ഈ പണി ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios