പാലക്കാട്: നഗരസഭാ ഓഫീസിൽ ദേശീയപതാകയുടെ ചിത്രമുള്ള ഫ്ലക്സുകൾ തൂക്കിയ ഡിവൈഎഫ്ഐ പതാകയെ അപമാനിച്ചെന്ന് കാട്ടി യുവമോർച്ചയുടെ പരാതി. ദേശീയപതാക നഗരസഭാ കെട്ടിടത്തിൽ കുത്തനെ തൂക്കിയത് തെറ്റാണെന്നാണ് പരാതി നൽകിയിരിക്കുന്നത്. ഇത് ദേശീയപതാകയെ അപമാനിക്കലാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് പാലക്കാട് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനറാണ് വിജയാഹ്ലാദത്തിന്‍റെ ഭാഗമായി നഗരസഭാ ഓഫീസിൽ തൂക്കിയത്. മതചിഹ്നങ്ങൾ ഒരു ഭരണഘടനാസ്ഥാപനത്തിൽ കൊണ്ടുവന്ന് പ്രദർശിപ്പിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ ദേശീയപതാകയുമായി പാലക്കാട് മുൻസിപ്പാലിറ്റി ഓഫീസിലെത്തിയത്.

ദേശീയപതാക ഡിവൈഎഫ്ഐ ദുരുപയോഗം ചെയ്തെന്നും യുവമോർച്ച അധ്യക്ഷൻ നൽകിയ പരാതിയിലുണ്ട്. സമാനമായ പരാതിയുമായി ബിജെപി ജില്ലാ ഘടകവും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിപ്പട്ടിക തയ്യാറാക്കുന്നത് പൂർണമായും ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ ഉണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ഇത് നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്നും പോലീസ് വിശദീകരിച്ചു.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി പാലക്കാട് മുൻസിപ്പാലിറ്റിക്ക് മുന്നിലെത്തി. ബിജെപി പ്രവർത്തകർക്ക് നൽകാനായി ഭരണഘടനയുടെ കോപ്പികളുമായാണ് ഇവരെത്തിയത്. മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ വച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഉൾപ്പെടെ നിരവധി പരാതികളാണ് കഴിഞ്ഞ ദിവസം പാലക്കാട് എസ്പിക്ക് മുന്നിൽ എത്തിയത്. ഇരു വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കും വിധം പെരുമാറിയതിനാണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതികൾ വിശദമായി പരിശോധിക്കുന്ന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും സംഭവത്തിൽ വൈകാതെ റിപ്പോർട്ട് നൽകും. കൗണ്ടിങ് ഏജന്‍റുമാരെയും സ്ഥാനാർത്ഥികളെയും റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെ പരിശോധിച്ചാണ് കടത്തിവിട്ടത്. അതിനാൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് പറയാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. ജയ് ശ്രീരാം ഫ്ലക്സ് തൂക്കിയതിൽ മാത്രമാണ് കേസെന്നും പോലീസ് പറഞ്ഞു.