Asianet News MalayalamAsianet News Malayalam

കീഴടങ്ങാനെത്തിയവരുടെ കയ്യിലോ എകെ 47 ?വ്യാജഏറ്റുമുട്ടലെന്ന ആരോപണം തള്ളി പാലക്കാട് എസ്പി

'വലിയ തോതിൽ വെടിയുണ്ടകൾ പാഞ്ഞടുത്തതോടെ നാൽപ്പതോളം വരുന്ന തണ്ട‌ർ ബോൾട്ട് സംഘം നിലത്തു കിടന്നു. തുട‌ർന്ന് ഇരുവിഭാഗവും ഏറെനേരം പരസ്പരം വെടിയുതി‌ർത്തു.ഏറ്റുമുട്ടൽ രണ്ട് മണിക്കൂറോളം നീണ്ടു...'

Palakkad SP dismisses allegations of fake encounter
Author
Palakkad, First Published Oct 30, 2019, 4:07 PM IST

പാലക്കാട്: അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണം നിഷേധിച്ച് പാലക്കാട് എസ്പി ജി ശിവവിക്രം. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്നും ഇതേ തുട‌‌ർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയതെന്നും എസ്പി ശിവവിക്രം പ്രതികരിച്ചു. മാവോയിസ്റ്റുകൾ വെടി വച്ചതു കൊണ്ടാണ് തിരികെ വെടി വച്ചത്. എകെ 47 അടക്കമുള്ള മാരകായുധങ്ങൾ അവരുടെ കയ്യിൽ ഉണ്ടായിരുന്നു. കീഴടങ്ങുന്നവർ എന്തിന് എകെ- 47 പോലെയുള്ള മരാകായുധങ്ങൾ കയ്യിൽ വയ്ക്കണം എന്നും അദ്ദേഹം ചോദിച്ചു. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായതായി അറിവില്ലെന്നും എസ്പി ശിവവിക്രം വ്യക്തമാക്കി. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി ആദിവാസി നേതാക്കൾ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ആരോപണങ്ങൾക്ക് എസ്പി വീണ്ടും മറുപടി നൽകുന്നത്. 

ആ രാത്രി നടന്നത് എന്ത്? എസ് പി പറയുന്നു...

മഞ്ചിക്കണ്ടിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയായി രാത്രിയിൽ പെട്രോളിങ്ങിനിറങ്ങിയ തണ്ട‌‌‌ർ ബോൾട്ട് സംഘം ഒരു മാവോയിസ്റ്റ് ക്യാമ്പ് കണ്ടു. ക്യാമ്പിന് സമീപത്തേക്ക് എത്തിയപ്പോൾ അവിടെ നിന്ന് അവ‌‌ർ വെടിയുതി‌ർത്തു. വലിയ തോതിൽ വെടിയുണ്ടകൾ പാഞ്ഞടുത്തതോടെ നാൽപ്പതോളം വരുന്ന തണ്ട‌ർ ബോൾട്ട് സംഘം നിലത്തു കിടന്നു. തുട‌ർന്ന് ഇരുവിഭാ​ഗവും ഏറെനേരം പരസ്പരം വെടിയുതി‌ർത്തു. ഏറ്റുമുട്ടൽ രണ്ട് മണിക്കൂറോളം നീണ്ടു.

വെടിവയ്പ്പിന്റെ ആദ്യഘട്ടത്തിൽ മൂന്ന് പേരെയും രണ്ടാമതായി ഒരാളെയും കീഴടക്കാനായി. രാത്രി പത്തിനും പത്തരക്കും ഇടയിലായിരുന്നു ഏറ്റുമുട്ടൽ. അവസാനം കീഴടങ്ങിയ ആളിൽ നിന്ന് എകെ 47 , എസ്എൽആർ അടക്കമുള്ള മാരകായുധങ്ങളും കണ്ടെടുത്തു. ഇവരെ കൂടാതെ രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അവരുടെ കയ്യിലും മാരകായുധങ്ങൾ ഉണ്ടായിരുന്നു.

മാരകായുധങ്ങൾക്ക് പുറമെ ലാപ്ടോപ്പ്, മൊബൈൽ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും കണ്ടെത്തി. വളരെ അപകടകരമായ അവസ്ഥയായിരുന്നു. എന്നാൽ ഭാഗ്യവശാൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല... എകെ 47 അടക്കമുള്ള മാരകായുധങ്ങളുമായി അവർ കീഴടങ്ങാൻ എത്തി എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നും എസ്പി ശിവവിക്രം ചോദിച്ചു.

കൊന്നത് കീഴടങ്ങാനെത്തിയവരെ;മധ്യസ്ഥർ

കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നു എന്നാണ് മധ്യസ്ഥ ചർച്ചക്ക് പോയ ആദിവാസികളുടെ ആരോപണം. മാവോയിസ്റ്റുകൾ വെടിയുതിർത്ത ശേഷമാണ് തണ്ടർബോൾട്ട്  ആക്രമണം തുടങ്ങിയതെന്ന് പൊലീസ് വാദം തെറ്റെന്നും മധ്യസ്ഥം വഹിച്ചവർ ഏഷ്യനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

Read More: മാവോയിസ്റ്റ് കാർത്തിയുടെ കൈപ്പത്തി തകർന്നു; നെഞ്ചിന്റെ വലതുഭാഗം വെടിയുണ്ട തുളച്ചുകയറി

കൈക്കുഞ്ഞുള്ള രമ കീഴടങ്ങാൻ താൽപര്യം എടുത്തിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ള മണി വാസകം ഏറ്റുമുട്ടലിന് മുതിരില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകൾ ആക്രമിച്ചെങ്കിൽ തണ്ടർ ബോൾട്ടിനു പരിക്കേൽക്കേണ്ടേയെന്നാണ് ഇവർ ഉന്നയിക്കുന്ന സംശയം.

Read More: ആക്രമിക്കാൻ മണിവാസകത്തിന് ആരോഗ്യമില്ലായിരുന്നു; പൊലീസിനെതിരെ ആദിവാസി നേതാവ് ശിവാനി

അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും ഒപ്പം സിപിഐയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ വിശദീകരിച്ചു. മാവോയിസ്റ്റുകൾക്ക് പ്രത്യേക പരിവേഷം ചാർത്തേണ്ടതില്ലെന്നും വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ വ്യാജ ഏറ്റുമുട്ടലെന്ന വാദം ശക്തമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.

Follow Us:
Download App:
  • android
  • ios