അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമാണോയെന്നതില്‍ വ്യക്തത വരും. പ്രതികളെക്കുറിച്ച് ഇപ്പോള്‍ സൂചനയില്ല.

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ടിൻ്റെ (Popular Front) പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്ഫി ഷംസുദീൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പാലക്കാട് എസ്പി ആർ വിശ്വനാഥ് അറിയിച്ചു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എന്ന നിലയിലാണ് അന്വേഷിക്കുന്നത്. ആര്‍എസ്എസിന് രാഷ്ട്രീയ വൈരാഗ്യമെന്ന് കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമാണോയെന്നതില്‍ വ്യക്തത വരുമെന്നും എസ്‍പി പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് കിട്ടിയ വാഹനം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റേതെന്നാണ് പ്രാഥമിക നിഗമനം

ഉച്ചയ്ക്ക് 1.30 ന് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉപ്പയുടെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദർശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക യോഗം ചേർന്നു. തുടർന്നാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നേതൃത്വം നൽകുന്ന സംഘത്തിൽ 3 സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാർ പ്രേത്യക സംഘത്തിന് പുറത്തുനിന്ന് സഹായം നൽകും. എലപ്പുള്ളി പ്രദേശത്ത് നിലനിൽക്കുന്ന ആര്‍എസ്എസ് - പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉൾപ്പെിട്ടുണ്ടെന്നും ഇവർ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ്ട് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം കിട്ടി. കൊഴിഞ്ഞാമ്പാറയിൽ നിന്ന് നേരെ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നും കരുതുന്നു. കൊലയാളി സംഘം രക്ഷപ്പെട്ടത് വാഗണർ കാറിലാണ്.