വിറകു ശേഖരിക്കാനെന്ന വ്യാജേന ഉൾക്കാട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊന്നതാണെന്ന് കസ്റ്റഡിയിലുള്ള പ്രതി സമ്മതിച്ചിരുന്നു.

പാലക്കാട്: പാലക്കാട് അട്ടപ്പാടി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കസ്റ്റഡിയിലുള്ള പങ്കാളിയായ പഴനി വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് സമ്മതിച്ചിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം റിമാൻഡ് ചെയ്യും. നെറ്റിക്ക് മുകളിൽ തലയോട്ടിയിലേറ്റ പൊട്ടൽ, ശരീരത്തിൽ പലയിടങ്ങളിലായി മൽപിടുത്തത്തിന്റെ പാടുകൾ, മുറിവുകൾ. മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് വള്ളിയമ്മയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിറകു ശേഖരിക്കാനെന്ന വ്യാജേന ഉൾക്കാട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊന്നതാണെന്ന് കസ്റ്റഡിയിലുള്ള പ്രതി സമ്മതിച്ചിരുന്നു.

മരണം ഉറപ്പാക്കിയതിന് പിന്നാലെ ഭാഗികമായി അന്നു തന്നെ കുഴികുത്തി മൂടി. രണ്ടു ദിവസത്തിനു ശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 മുതൽ വള്ളിയമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാകത്തിൻറെ ചുരുളഴിയുന്നത്. പ്രതി പഴനി ജൂലൈയിൽ മറ്റൊരു കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറക്കിയത് വള്ളിയമ്മയായിരുന്നു. പിന്നാലെ വള്ളിയമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.