ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റതായി സംശയം. ഓങ്ങല്ലൂര്‍ സ്വദേശികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്തരീക്ഷ താപനില ജില്ലയില്‍ മാറ്റമില്ലാതെ തുടരുന്നു

പാലക്കാട്: കേരളത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണ സംഖ്യ കൂടി വരുന്നതിനിടെ പാലക്കാട് ജില്ലയിലെ താപനില മാറ്റമില്ലാതെ തുടരുകയാണ്. 41 ഡിഗ്രിയാണ് പാലക്കാട് ഇന്നത്തെ അന്തരീക്ഷ താപനില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില മാറ്റമില്ലാതെ തുടരുന്നത്. ഇതിനിടെ ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റെന്നാണ് പ്രാഥമിക നിഗമനം. ഓങ്ങല്ലൂർ സ്വദേശികളായ രണ്ട് പേര്‍ക്കാണ് സൂര്യാതപമേറ്റതായി സംശയിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.
കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റത്. 

പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.