Asianet News MalayalamAsianet News Malayalam

'കൈക്കൂലിയായി എന്ത് കിട്ടിയാലും വാങ്ങും; വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു

പാലക്കയം വിലേജ് ഓഫീസിലും മണ്ണാർക്കാട് ലോഡ്ജ് മുറിയിലും  മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയാണ് കണ്ടത്തിയത്

palakkayam village assistant suresh kumar suspended in bribery case vkv
Author
First Published May 24, 2023, 5:14 PM IST

പാലക്കാട്: പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ്  സുരേഷ് കുമാറിനെ സർവ്വീസിൽ നി്നനും സസ്പെൻഡ് ചെയ്തു.  സുരേഷ് കുമാറിന്‍റെ പ്രവൃത്തി ഗുരുതര കൃത്യവിലോപമാണെന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു.  സസ്പെൻഷൻ ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓർഡറിൽ വ്യക്തമാക്കുന്നു. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളെജ് ഗ്രൗണ്ടിന് സമീപം കഴിഞ്ഞ ദിവസം(മെയ് 23) പോലീസ് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മെയ് 23 മുതല്‍ പ്രാബല്യത്തോടെയാണ് സര്‍വീസില്‍ നിന്നും വി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായതിനാലും ജീവനക്കാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യം അല്ലാത്തതിനാലും 1960ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) (ബി) പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് (മെയ് 24) കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി അറിയിച്ച പരാമര്‍ശ പ്രകാരം മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.വില്ലേജ് അസിസ്റ്റന്‍റ് ലക്ഷങ്ങള്‍ കൈക്കൂലിയായി വാങ്ങിയ സംഭവം വളരെ ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.

ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ സർക്കാർ അനുവദിക്കില്ല. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. അഴിമതി അറിയിക്കാനായി  പോർട്ടലുണ്ട്, ടോൾ ഫ്രീ നമ്പർ ഉണ്ട്. ഇവയെല്ലാം പൊതുജനം ഉപയോഗിക്കണം. അഴിമതിക്കാരെ പുറത്ത് കൊണ്ടുവരാൻ ജനങ്ങളുടെ ഭാഗത്തു നിന്നും സഹായം വേണം. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. സംസ്ഥാനത്ത് മൂന്ന് വർഷം ഒരേ ഓഫീസിൽ തന്നെ ജോലിചെയ്യുന്ന കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റുമാരേയും  വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരേയും സ്ഥലം മാറ്റും. ഇത് സംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  പാലക്കാട്ടെ കൈക്കൂലി കേസിൽ റവന്യൂ വകുപ്പ്  ആഭ്യന്തര അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. 

പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ താമസ സ്ഥലത്ത് പരിശോധന നടത്തിയ വിജിലൻസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇവിടെ നിന്നും കൈക്കൂലിയായി ലഭിച്ച പണമടക്കമുള്ളവ  വിജിലൻസ് കണ്ടെടുത്തു. പാലക്കയം വിലേജ് ഓഫീസിലും മണ്ണാർക്കാട് ലോഡ്ജ് മുറിയിലും  മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയാണ് കണ്ടത്തിയത്. സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് കണ്ടെത്തിയ നാണയത്തുട്ടുകൾ മാത്രം 9000 രൂപ വരും. മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്.

വെറും മൂന്ന് വർഷം മുമ്പാണ് സുരേഷ് കുമാർ പാലക്കയത്ത് എത്തിയത്. സുരേഷ് കുമാർ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്നു. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. പലരിൽ നിന്നും കൈപറ്റിയത് 500 മുതൽ 10,000 രൂപ വരെ കൈപ്പറ്റി. പണമില്ലെങ്കിൽ സാധനങ്ങളും സ്വീകരിക്കും. ഇയാളുടെ ശല്യം സഹിക്ക വയ്യാതെ നാട്ടുകാർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഒടുവിൽ കൈക്കൂലി കേസി സുരേഷ് അറസ്റ്റിലായതോടെ നിരവധി പേരാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി.

Read More : കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങും, കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നട‌ത്തിക്കും; സുരേഷ് കുമാറിനെതിരെ കൂടുതൽ പരാതി

Follow Us:
Download App:
  • android
  • ios