കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി വിജിലൻസ് സംഘം. രാവിലെ ആയിരുന്നു അപ്രതീക്ഷിത നീക്കം. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തിരുവനന്തപുരത്ത് നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ആലുവയിലെ വീട്ടിലെത്തിയത്. അതേസമയം, ഇബ്രാഹിംകുഞ്ഞ് ചികിത്സലുണ്ടെന്ന് ലേക‍്‍ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സംശയം.

ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഭാര്യ അറിയിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ വീടിനകത്ത് കയറി പരിശോധന നടത്തി. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലേക്ക് പൊലീസ് സംഘത്തെ വിളിച്ചുവരുത്തിയ ശേഷമായിരുന്നും പരിശോധന. പരിശോധനയ്ക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരു സംഘം പിന്നീട് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയെന്നാണ് സൂചന. മറ്റൊരു സംഘം വീട്ടിൽ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്കാണ് വിജിലന്‍സ് നീങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന.

കേസില്‍ നടപടി വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ  അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.