അതീവ ഗുരുതരാവസ്ഥയിലുള്ള പാലത്തിൽ ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും പാലം പൊളിച്ചു പണിയുക തന്നെ വേണമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു

കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ അഴിമതിയില്‍ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും. പാലം പൊളിക്കണം എന്ന ശുപാർശയിൽ തീരുമാനം എടുക്കേണ്ടത് സർക്കാരും കോടതിയുമാണെന്നാണ് വിജിലൻസ് അറിയിക്കുന്നത്. 

പാലാരിവട്ടം ഫ്ലൈ ഓവർ അഴിമതിയില്‍ റോഡ്‍സ് ആന്‍റ് ബ്രിഡ്‍ജസ് എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറഞ്ഞിരുന്നു.

അതീവ ഗുരുതരാവസ്ഥയിലുള്ള പാലത്തിൽ ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും പാലം പൊളിച്ചു പണിയുക തന്നെ വേണമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കിറ്റ്കോ മുൻ എംഡി സിറിയക് ഡേവിഡ്, ജോയിന്‍റ് ജനറൽ മാനേജർമാരായ ബെന്നി പോൾ, ജി പ്രമോദ് ആർബിഡിസി മുൻ ജനറൽ മാനേജർ എംഡി തങ്കച്ചൻ എന്നിവർക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലൻസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. കരാറുകാരനുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. 

പാലം നിർമാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്‍റാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാൻ പാലത്തിന്‍റെ ഡിസൈൻ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്. പാലം പണി നടത്തിയ ആർഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലിന്‍റെ അടക്കം മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. 

നിർമാണത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിലും വ്യക്തമായിരുന്നു. പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്‍റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോധ്യമായിരുന്നു. വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു.