കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ വിതരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ 93.72 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി. ഇതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 8,027.72 കോടി രൂപ കോര്‍പ്പറേഷന് നല്‍കി. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമായി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആകെ 8,027.72 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് ആകെ 13,029.72 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നല്‍കിയത് 1,467 കോടി രൂപയാണെന്നാണ് കണക്കുകൾ.