കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി ഒ സൂരജടക്കമുളള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി അറുപത് ദിവസത്തിന് ശേഷമാണ് പ്രതികൾ പുറത്തുവരുന്നത്. ഇതിനിടെ പാലാരിവട്ടം പാലം ഗുരുതരാവസ്ഥയിലാണെന്ന പഠന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

ഒന്നാം പ്രതിയും പാലം കരാറുകാരനുമായ ആർ ‍ഡി എസ് ഉടമ സുമിത് ഗോയൽ, രണ്ടാം പ്രതി  റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അസി. ജനറൽ മാനേജർ എം ടി തങ്കച്ചൻ നാലാം പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവർക്കാണ് ജാമ്യം നൽകിയിരിക്കുന്നത്. കുടൂതൽ നടപടികളും അറസ്റ്റുകളും ശേഷിക്കുന്നതായി വിജലൻസ് അറിയിച്ച സാഹചര്യത്തിൽ അന്വേഷണത്തിൽ യാതൊരു കാരണവശാലും ഇടപെടരുതെന്ന് ഹൈക്കോടതി പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങൾക്കെതിരായ അന്വേഷണം അവസാനിച്ചെന്നും തടവിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നുമുളള പ്രതികളുടെ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. രണ്ടുലക്ഷം രൂപയുടെ  ബോണ്ടും തുല്യതുകയ്ക്കുളള രണ്ട് ആൾ ജാമ്യവുമാണ് മറ്റൊരു വ്യവസ്ഥ. അന്വേഷണ ഉദ്യേഗസ്ഥരുടെ അറിവുകൂടാതെ സംസ്ഥാനം വിട്ടുപോകരുത് , പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.  

ഇതിനിടെ, പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പാലത്തിന്‍റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്‍ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read: പാലാരിവട്ടം പാലം അതീവ ദുര്‍ബലം; സംയുക്തപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്