പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ്, പണിത നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എംഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ടെണ്ടർ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എജിഎം എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരാണ് റിമാൻഡിലുള്ളത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

ഇതു സംബന്ധിച്ച് വിവരം ലഭിക്കാൻ പ്രതികളെ ജയിലിൽ വച്ചായാലും കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും വിജിലൻസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.