കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ പ്രധാന സ്പാൻ പൊളിച്ചു നീക്കി. മേൽപ്പാലത്തിൽ വൈറ്റില ഭാഗത്തേക്കുള്ള ആദ്യ സ്പാൻ ആണ് പൂർണമായും പൊളിച്ചു നീക്കിയത്. പാലത്തിൽ സ്ഥാപിക്കാനുള്ള പുതിയ ഗർഡറുകളുടെ നിർമ്മാണവും ഇതൊടൊപ്പം ആരംഭിച്ചു.

കഴിഞ്ഞ മാസം 28 നാണ് പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചത്. രണ്ടാഴ്ചക്കം ആദ്യ സ്പാൻ പൂർണമായും മുറിച്ചുമാറ്റി. 16 സ്പാനുകളാണ് ഇതുപൊലെ ഇനി മുറിച്ചു മാറ്റേണ്ടത്. രണ്ടരമാസത്തിനകം ഈ ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് ഡിഎംആർസിയുടെ പ്രതീക്ഷ. പൊളിക്കൽ ജോലികൾക്കൊപ്പം തന്നെ പുതിയ പാലത്തിനായുള്ള ഗർഡർ നിർമ്മാണത്തിനും ഡിഎംആർസി തുടക്കമിട്ടു. കൊച്ചി മെട്രോയുടെ മുട്ടം യാർഡിലാണ് ഗർ‍ഡറുകളുടെ നിർമ്മാണം നടക്കുന്നത്. 17 സ്പാനുകളിലായി 102 ഗർഡറുകളാണ് നിർമ്മിക്കേണ്ടത്.

സ്പാനുപകൾ പൂർണമായും നീക്കുന്നതോടെ പാലത്തിന്റെ തൂണുകൾ മാത്രമാകും ബാക്കിയാവുക. തുടർന്ന് കാർബൺ ഫൈബർ റാപ്പിംഗ് നടത്തി തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിക്ക് തുടക്കമാകും.