Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം വീണ്ടും ജനങ്ങളുടെ മുന്നിലേക്ക്, ഭാരപരിശോധനാ റിപ്പോർട്ട് ഇന്ന് കൈമാറും

കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ഭാരപരിശോധന ഉച്ചയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷനും കൈമാറും.

palarivattom bridge to reopen in kochi
Author
Kochi, First Published Mar 4, 2021, 7:00 AM IST

കൊച്ചി: രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. ഇന്ന് ഉച്ചക്ക് മുമ്പായി പാലത്തിന്‍റെ ഭാരപരിശോധന റിപ്പോര്‍ട്ട് ഡിഎംആർസി സർക്കാരിന് കൈമാറും. ഇതോടെ, ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ നാട്ടുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി പാലം തുറക്കുകയാണ്. 

എല്ലാ രീതിയിലും കേരളത്തിന്‍റെ പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്കൊടുവിലാണ് വീണ്ടും ഗതാഗത്തിന് തയ്യാറായത്. കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ഭാരപരിശോധന ഉച്ചയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷനും കൈമാറും. അതിന് ശേഷം ബാക്കിയുള്ളത് അതാവശ്യം മിനുക്ക് പണികള്‍ മാത്രമാണ്. ശനിയാഴ്ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. 

പാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കുമ്പോൾ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 9 മാസത്തിനുള്ളിൽ ജോലി തീര്‍ക്കണം എന്നാണ്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് 5 മാസവും 10 ദിവസവും കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. ഇതും കേരളത്തിന് പുതിയ അനുഭവമായി. 

രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലം വീണ്ടും തുറക്കുന്നത് നിയമസഭായതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്നതും ശ്രദ്ധേയമാണ്. പാലം അഴിമതിക്കേസില്‍ അടുത്ത് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് വിജിലന്‍സ്. കേസിലെ അഞ്ചാം പ്രതിയായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും മല്‍സരിക്കുമോ എന്ന കാര്യത്തില് മുസ്ലിംലീഗ് നിലപാട് വ്യക്തമായിട്ടില്ല. ഇബ്രാഹിം കുഞ്ഞ് മൽസരിച്ചാല്‍ ജില്ലയിലെ പല മണ്ഡലങ്ങളിലേയും വിജയസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ നിലപാട്. 

 

Follow Us:
Download App:
  • android
  • ios