കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന പക്ഷം പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സൊസൈറ്റി അധികൃതര്‍ പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച് ഇ ശ്രീധരനും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരുമായി പ്രാഥമിക ചര്‍ച്ച കോഴിക്കോട്ട് നടന്നു.

പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മാണം ഇ ശ്രീധരന്‍റെ മേല്‍നോട്ടത്തില്‍ ഉടനടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനോടനുബന്ധിച്ചാണ് നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയെ ഏല്‍പ്പിക്കാൻ ധാരണയായത്. സമയ നഷ്ടം ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രവൃത്തി നേരിട്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുന്നത്.

പുതുക്കിപണിയുന്ന പാലത്തിന്‍റെ രൂപരേഖ ഡിഎംആർസി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരുമായി ഉടന്‍ കരാർ ഒപ്പുവയ്ക്കാനായാല്‍ ഒക്ടോബര്‍ ആദ്യ വാരം നിര്‍മാണം തുടങ്ങാനാണ് സൊസൈറ്റിയുടെ പദ്ധതി. 18കോടി 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവെന്ന് ലേബർ സൊസൈറ്റി ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച് ഡിഎംആർസിയുും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി വ്യാഴാഴ്ച്ച കൊച്ചിയിൽ പ്രത്യേക യോഗം ചേരും.