കൊച്ചി: ‌പാലാരിവട്ടം അഴിമതി കേസിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ്. കേസിൽ അന്വേഷണം പൂർത്തിയാക്കി വസ്തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കിടയിലാണ് വിജലൻസ് അന്വഷണ പുരോഗതി അറിയിച്ചത്.

പാലാരവിട്ടം അഴിമതി കേസിൽ വിജിലൻസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിജൻസ് നിലപാട് അറിയിച്ചത്. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വസ്തുത വിവര റിപ്പോർട്ട് പരിശോധനയ്ക്കായി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ ചെറുന്നിയൂർ കോടതിയെ അറിയിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഹർജിക്കാരനെന്നും ഇത്തരം ഹർജി സുഗമമായ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി കോടതി തീർപ്പാക്കി. പ്രതിപട്ടികയിൽ 13 പേരാണ് ആദ്യഘട്ടമുള്ളത്. ഇതിൽ കാര്യമായ മാറ്റങ്ങൾ അന്തിമ കുറ്റപത്രത്തിലും ഉണ്ടായേക്കില്ല. 

ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. നിലവിലുള്ള വ്യവസായ സെക്രട്ടറിയും മുൻ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയുമായ എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് കേസിൽ പത്താം പ്രതിയാണ്. ടെണ്ടർ വ്യവസ്ഥ ലംഘിച്ച് കരാർ കമ്പനിയ്ക്ക് 8.25 കോടി രൂപ അഡ്വാൻസ് നൽകിയതിൽ ഗൂഡാലോചനയുണ്ടായെന്നും അഴിമതി നടത്തിയെന്നുമാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. നിയമ സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ രാഷ്ട്രീയ ആയുധമാണ് ഇടത് മുന്നണിയ്ക്ക് പാലാരിവട്ടം അഴിമതി കേസ്. ഈ സഹാചര്യത്തിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് അണിയറ നീക്കം. മുൻ മന്ത്രി അടക്കമുള്ളവർക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാൽ ഉടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.