Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം: നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടത് കര്‍ത്തവ്യം: ഗവര്‍ണര്‍

  • അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം സെപ്തംബറിലാണ് വിജിലൻസ് ഗവര്‍ണറുടെ അനുമതി തേടിയത്
  • രണ്ട് മാസത്തോളം ഗവര്‍ണറുടെ ഓഫീസ് കേസിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല
Palarivattom Palam VK Ebrahim Kunju Governor seeks AG legal advise
Author
Palarivattom, First Published Jan 2, 2020, 11:41 AM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. വിഷയത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടത് ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

"ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കണമെന്നത് ഓരോ ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും," എന്നായിരുന്നു ഇന്ന് ഗവര്‍ണര്‍ ഈ വിഷയത്തിൽ നൽകിയ പ്രതികരണം. കേസിൽ കഴിഞ്ഞ സെപ്തംബറിലാണ് വിജിലൻസ് വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ ഗവര്‍ണറുടെ അനുമതി തേടിയത്.

വിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷിക്കാൻ അനുമതി തേടി വിജിലൻസ് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. നേരത്തെ വികെ ഇബ്രാഹിംകുഞ്ഞിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് സാക്ഷി എന്ന നിലയിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ടിഒ സൂരജ് ഉൾപ്പടെ അറസ്റ്റിലായി. ഇവരിൽ നിന്ന് ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവ് ലഭിച്ചു.

മുൻ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം ഗവര്‍ണറുടെ അനുമതി വേണം. പൊതുസേവകന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടുള്ള അന്വേഷണത്തിന് ഗവ‍ര്‍ണറുടെ അനുമതി വേണമെന്നാണ് ഈ നിയമം. ഇത് പ്രകാരമാണ് വിജിലൻസ് സെപ്തംബറിൽ കത്ത് നൽകിയത്.

രണ്ട് മാസത്തോളം ഗവര്‍ണറുടെ ഓഫീസ് കേസിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. ഇതിന് ശേഷമാണ് ഗവർണറുടെ ഓഫീസ് ഇടപെടാൻ തുടങ്ങിയത്. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ എന്തൊക്കെയെന്ന് വിശദമാക്കി റിപ്പോ‍ർട്ട് നൽകാൻ വിജിലൻസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജിലൻസ് ഡയറക്ട‍ര്‍ അനിൽകാന്തിനെയും ഐജി എസ് വെങ്കിടേശിനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ എജിയോട് നിയമോപദേശം തേടിയത്.

Follow Us:
Download App:
  • android
  • ios