Asianet News MalayalamAsianet News Malayalam

Halal Food : തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുത വിരുദ്ധം; വിദ്വേഷ പ്രചാരണം നടത്തരുതെന്ന് പാളയം ഇമാം

ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. മത സൗഹാർദ്ദത്തെ തകർക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്ന് പാളയം ഇമാം.

palayam imam about halal food controversy
Author
Thiruvananthapuram, First Published Nov 23, 2021, 1:57 PM IST

തിരുവനന്തപുരം: ഹലാൽ ഭക്ഷണത്തിന്റെ (Halal Food) പേരിൽ വിദ്വേഷ പ്രചാരണം നടത്തരുത് എന്ന് പാളയം ഇമാം. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുത വിരുദ്ധമാണെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ഉറൂസ് ഭക്ഷണത്തിൽ മന്ത്രിചൂതുന്ന പുരോഹിതന്റെ നടപടി അനാചാരം ആണ്. വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ചു തെറ്റായ പ്രചാരണം നടത്തുകയാണ്. മത സൗഹാർദ്ദത്തെ തകർക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നാണ് ഹലാൽ വിവാദത്തിൽ എ പി അബ്ദുല്ലക്കുട്ടി പ്രതികരിച്ചത്. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കിൽ പന്നിയിറച്ചിയും ഹറാമല്ല. ഹലാൽ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണ്. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താൻ ഉള്ള ശ്രമമാണിത്. മലമൂത്രത്തിൽ പോലും തുപ്പരു തെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നും
ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡൻറ് എ പി അബ്ദുല്ലക്കുട്ടി പ്രതികരിച്ചിരുന്നു.

അതിനിടെ, ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡ് വയ്ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇത്തരം ബോർഡുകൾ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാൻ കാരണമാകും. ഭക്ഷണം ആവശ്യമുള്ളവർ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും  ഭക്ഷണത്തിന്‍റെ പേരിൽ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും  ഹസ്സൻ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios