തിരുവനന്തപുരം: ബാബ്റി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. ഫെയ്സ്ബുക്ക് ലൈവിലൂടെ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക സമൂഹം വലിയ പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകേണ്ടി വന്ന കാലമാണ് 2019. വലിയ നീതി നിഷേധത്തിന് ഇസ്ലാമിക സമൂഹം ഇരയായി. ബാബ്റി മസ്ജിദ് വിധിയിൽ പള്ളി പൊളിച്ചത് തെറ്റാണെന്ന് പറഞ്ഞ അതേ സുപ്രീം കോടതി പള്ളി ഭൂമി ക്ഷേത്ര നിർമ്മാണത്തിന് കൊടുക്കണമെന്ന് പറഞ്ഞത് ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം. ഇത് ഇന്ത്യാക്കാർ തിരിച്ചറിയണം. ഇത്തരം നീതി നിഷേധങ്ങൾ അവർത്തിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളോടുള്ള അവഗണനയും ഏറ്റവും വലിയ അവകാശ നിഷേധവുമായിരുന്നു. കൊവിഡ് കാലം കഴിഞ്ഞാൽ സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കണം. എല്ലാവർക്കും പൗരത്വം നൽകുന്നതിൽ സന്തോഷം. ഏതെങ്കിലും മതത്തെ ഒഴിവാക്കരുത്. അത് തുല്യതയ്ക്കും മതനിരപേക്ഷതയ്ക്കും എതിരാണ്. സിഎഎ നിയമം സുപ്രീം കോടതി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസിനേക്കാൾ ഭീതിതമായി വംശീയ വൈറസ് പ്രചരിക്കുന്നു. ഇത് ഗൗരവത്തോടെ കാണേണ്ട സാഹചര്യം. കൊറോണയെ തബ്‌ലീഗ് വൈറസ് എന്ന് വിളിച്ചു. നിസാമുദ്ദീൻ സംഭവം ചെറിയൊരു വീഴ്ച. പകർച്ച വ്യാധികളെ നേരിടുന്നതിൽ ഇസ്ലാമിക സമൂഹം ജാഗ്രത പാലിക്കണം. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊറോണയുടെ പേരിൽ സമുദായത്തെ മുഴുവൻ ആക്ഷേപിക്കരുത്. ചിലരെങ്കിലും അതിന് തയ്യാറായത് വിഷമമുണ്ടാക്കി. അത്തരം പ്രസ്താവനങ്ങൾ ഇനി രാജ്യത്ത് ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ മറവിലും രാജ്യത്ത് മുസ്ലിം വേട്ട നടക്കുന്നു. ഇന്ത്യാരാജ്യത്ത് ഇസ്ലാമോഫോബിയ ഉണ്ടെന്ന് പറഞ്ഞതിന് ദില്ലിയിലെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാനെതിരെ കേസെടുത്തു. പൊതു മുസ്ലിം ധാരയെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്, അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്ക് എതിരായുള്ള നീക്കം കൂടിയാണ്. യുഎപിഎ അനാവശ്യമായി ചുമത്തി ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. നിശബ്ദരാകരുത്. കൊവിഡ് കാലത്ത് സമരം ചെയ്യാൻ പറ്റില്ല. സമൂഹമാധ്യമങ്ങളിൽ സാമൂഹിക പ്രതിബദ്ധത തെളിയിക്കണം. സമരങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണം. ശരീരങ്ങൾ മാത്രമാണ് അകലേണ്ടത്. സമൂഹമല്ല. സാമൂഹിക പ്രതിബദ്ധത മുൻപത്തെക്കാൾ കൂടുതൽ പ്രകടിപ്പിക്കേണ്ട കാലമാണ്. ബന്ധുവീടുകൾ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം. ബന്ധുക്കൾക്ക് സാമൂഹിക മാധ്യമം പ്രയോജനപ്പെടുത്തി ആശംസകൾ കൈമാറണം. പകർച്ചവ്യധിയുടെ പിടിയിൽ എല്ലാ പ്രദേശങ്ങളും ഒരുപോലെ അകപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സർക്കാർ ഇതിനെ നന്നായി നേരിടുന്നുണ്ട്. ഇത് ഇനിയും തുടരേണ്ടതുണ്ട്. അതിന് വേണ്ട പിന്തുണ എല്ലാവരിൽ നിന്നും ഉണ്ടാകണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശാരീരിക അകലം പാലിച്ച് കൊണ്ടുള്ള ആഘോഷം മാത്രമേ നടത്താവൂ. എത്ര കാലം പള്ളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് അറിയില്ല. പള്ളിയും പള്ളിക്കൂടവും വീടാവുകയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് കൂടുതൽ പ്രധാന്യമുണ്ട്. ഭാര്യമാരോട് നല്ല രീതിയിൽ മാത്രമേ ഭർത്താക്കന്മാർ പെരുമാറാവൂ. കുട്ടികൾ ഇത് നിരീക്ഷിക്കുന്നുണ്ട്. കുട്ടികൾക്ക് ശിക്ഷണം നൽകുന്നതിൽ കൂടുതൽ പ്രാധാന്യം രക്ഷിതാക്കൾ നൽകുന്ന കാലമാണ് കൊറോണയുടേതെന്നും അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക രംഗത്ത് കരുതൽ വേണ്ട കാലമാണ്. ധൂർത്തഴിക്കുന്നതിൽ നിന്ന് പിന്മാറണം. പ്രവാസി സഹോദരങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അവരെ സഹായിക്കാൻ ശ്രമിക്കണം. പ്രവാസികളുടെ വീടിന്റെ വലിപ്പം നോക്കി അവരെ അവഗണിക്കരുത്. പ്രയാസപ്പെടുന്നവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.