Asianet News MalayalamAsianet News Malayalam

വിലക്ക് ലംഘിച്ചുള്ള പലസ്തീന്‍ റാലി; ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. എന്നാല്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കും.

Palestinian rally No strong action is recommended against Aryadan Shoukath nbu
Author
First Published Nov 19, 2023, 8:46 AM IST

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് മയപ്പെടുത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. എന്നാല്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കും.

ആര്യാടന്‍ ഷൗക്കത്തിന്‍റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവില്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണ്. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കടുത്ത നടപടികളൊന്നും ശുപാര്‍ശ ചെയ്യുന്നില്ല. സീല്‍ ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ചയെ കെപിസിസി പ്രസിഡന്‍റ് തുറക്കുക പോലുമുള്ളൂ. 23 നുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി കഴിയാനാണ് കാത്തിരിക്കുന്നത്. ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാല്‍ പോലും കോഴിക്കോട് നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാര്‍ട്ടിക്കുള്ളത്. നേരത്തെ സിപിഎമ്മിന്‍റെ റാലിയില്‍ ഷൗക്കത്ത് പങ്കെടുക്കാതിരിക്കാനും അച്ചടക്ക സമിതിയുടെ യോഗങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ നല്‍കിയിരുന്നു. 

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. എന്നാല്‍ സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തിയശേഷം പലസ്തീന്‍ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ തുടര്‍ച്ചയായി നടത്തുന്ന സമാന്തര സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കെപിസിസി നടപടി എടുത്തില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് വിഎസ് ജോയി പക്ഷം നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios