എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു.അതേസമയം, സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം. 

വേഷം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ, സ്കൂളുകളുടെ കാര്യം വരുമ്പോൾ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണമെന്നും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോൺഗ്രസും ചേർന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇഡി സമൻസിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇതൊന്നും കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സ്കൂളിന് തിരിച്ചടി

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി

YouTube video player