അർജുനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക

കോഴിക്കോട്: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുൻ പിടിയിലായ പൊലീസ് നീക്കം, അന്വേഷണ സംഘത്തിന്റെ ഒരു ഭാഗ്യപരീക്ഷണമായി വിലയിരുത്താം. ജൂൺ പത്തിന് നടന്ന കൊലപാതകങ്ങളിൽ മൂന്ന് മാസം കഴിഞ്ഞിട്ടും തുമ്പ് കിട്ടാതിരിക്കുമ്പോഴാണ് ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വീണ്ടും അർജുനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

കൃത്യം നടത്തിയത് ഇടംകൈയ്യനാണെന്നായിരുന്നു ഫോറൻസിക് ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് അർജുനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നേരത്തെ ഒരു തവണ ചോദ്യം ചെയ്ത ശേഷം അർജുനെ വിട്ടയച്ചിരുന്നു. എന്നാൽ രണ്ടാമത്തെ വട്ടം നടത്തിയ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ ബലത്തിൽ നടത്തി ഈ ചോദ്യം ചെയ്യലിൽ, ആത്മഹത്യ ചെയ്യാൻ അർജുൻ എലിവിഷം കഴിച്ചതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.

അർജുനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. മാനന്തവാടി ജില്ല ജയിലിൽ റിമാന്‍റിൽ കഴിയുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൂടുതൽ ശാസ്ത്രീയ തെളിവുകളാണ് പോലീസിന് ഇനി കണ്ടത്തേണ്ടത്.

ജൂൺ മാസം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനാവാത്തത് പൊലീസിന്റെ കെടുകാര്യസ്ഥതയെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം കോളുകൾ അന്വേഷണ സംഘം പരിശോധിച്ചു. ഇതിനിടെ അർജുൻ എലിവിഷം കഴിച്ചതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. 

വൃദ്ധദമ്പതികളുടെ കൊലപാതകം

കഴിഞ്ഞ ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയാണ് റിട്ട. അധ്യാപകന്‍ കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെട്ടേറ്റ നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കേശവനും പിന്നാലെ പത്മാവതിയും മരിച്ചു. മുഖംമൂടിയണിഞ്ഞെത്തിയ രണ്ട് പേര്‍ മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം. 

ആക്രമണം നടന്ന് അധികം വൈകാതെ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയരാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രധാന റോഡില്‍ നിന്ന് അല്‍പ്പംമാറി ആളൊഴിഞ്ഞ ഭാഗത്തുള്ള ഇരുനില വീട്ടിലായിരുന്നു വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. കേശവനെ ആക്രമിക്കുന്നത് കണ്ട് പത്മാവതി അലറി വിളിച്ചതിനെ തുടര്‍ന്നാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്. മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രന്‍, പനമരം, കേണിച്ചിറ, മാനന്തവാടി സ്‌റ്റേഷനുകളില്‍ നിന്നായി വന്‍ പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി തിരഞ്ഞിട്ടും കൃത്യം നടത്തിയവരെ കണ്ടെത്താനായിരുന്നില്ല. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona